കൊല്ലം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ സജ്ജമാവുന്നു.
സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിലൂടെ തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരമാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നത്.തിരഞ്ഞെടുപ്പിന് 10 ദിവസം മുന്‍പ് വീടുകള്‍, സി എഫ് എല്‍ ടി സികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കോവിഡ് പോസിറ്റീവായി ചികിത്സയില്‍ ഇരിക്കുന്നവരുടെയും ക്വാറന്റയിനില്‍ കഴിയുന്നവരുടെയും പട്ടിക ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കി. പട്ടിക ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കും. കൂടാതെ പോളിംഗിന് തലേദിവസം ഉച്ചകഴിഞ്ഞ് മൂന്നുവരെ ലഭിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള ആളുകള്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തയ്യാറാക്കുന്ന പട്ടികയില്‍ പെടാത്തവര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നതല്ല. വോട്ടെടുപ്പിന്റെ തലേദിവസം ഉച്ചകഴിഞ്ഞ് മൂന്നുവരെ പോസിറ്റീവ് പട്ടികയിലുള്‍പ്പെടുന്നവര്‍ക്കാണ് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ്. സാധാരണ പോളിംഗ് ദിവസം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെ ബൂത്തുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു വോട്ട് ചെയ്യാവുന്നതാണ്. അഞ്ചിന് ബൂത്തില്‍ എത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യിക്കും. അഞ്ച് മുതല്‍ ആറുവരെ കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാനാണ് സൗകര്യം ഒരുക്കുന്നത്.