സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനൊരുങ്ങി നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്. വര്‍ഷങ്ങളായി പണി പൂര്‍ത്തീകരിക്കാതെയും മുടങ്ങിപ്പോയതുമായ 107 എ എ വൈ വീടുകള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതുവരെ പൂര്‍ത്തിയാക്കി.

സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിനായി അപേക്ഷ സമര്‍പ്പിച്ച കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ നേരിട്ട് മനസിലാക്കിയാണ് ആനുകുല്യം നല്‍കിയത്. ലൈഫിന്റെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമിയുള്ള ഭവന രഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുവാന്‍ ഈ സാമ്പത്തിക വര്‍ഷം ബ്ലോക്ക് 1,27,46,400 രൂപ നീക്കി വെച്ചു.

തുടര്‍ച്ചയായ അവലോകന യോഗങ്ങളിലൂടെയും കൃത്യമായ മേല്‍നോട്ടത്തിലൂടെയുമാണ് മികച്ച നേട്ടത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് എത്തിയത്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ബ്ലോക്കിനെ തേടിയെത്തി.

മെയ് 31നകം 31 വീടുകള്‍ കൂടി പൂര്‍ത്തീകരിച്ച് ലൈഫ് പദ്ധതി വിജയത്തിലെത്തിക്കുകയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമന്ദിരം ശശികുമാര്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ പി.വി. ആലീസ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.