പത്തനംതിട്ട:  ശബരിമലയിലേക്കുള്ള തങ്ക അങ്കി രഥഘോഷയാത്ര ഈ മാസം 22 ന് ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. 25 ന് ഉച്ചയ്ക്ക് ഘോഷയാത്ര പമ്പയില്‍ എത്തിച്ചേരും. വൈകുന്നേരം ശബരിമലയിലേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിക്ക് ശരംകുത്തിയില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആചാരപൂര്‍വമുള്ള സ്വീകരണം നല്‍കും.

ചിത്തിര തിരുനാള്‍ മഹാരാജാവ് ശബരിമല നടയ്ക്ക് സമര്‍പ്പിച്ച 453 പവന്‍ തങ്കത്തില്‍ നിര്‍മിച്ച അങ്കിയാണ് മണ്ഡല പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്തുന്നതിനായി ഘോഷയാത്രയായി കൊണ്ടുവരുന്നത്.സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തങ്ക അങ്കിയെ പതിനെട്ടാം പടിക്ക് മുകളില്‍, കൊടിമരത്തിന് മുന്നില്‍ വച്ച് ഔദ്യോഗികമായി വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് കൈമാറും. ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്ക് ആണ് മണ്ഡലപൂജ നടക്കുക.

തങ്കയങ്കി ഘോഷയാത്രക്ക് കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടാകും. ഘോഷയാത്ര ആറന്‍മുളയില്‍ നിന്ന് ആരംഭിച്ച് പമ്പയില്‍ അവസാനിക്കുന്നതു വരെ വഴി നീളെയുള്ള സ്വീകരണം, പറയെടുപ്പ് എന്നിവ ഉണ്ടാവില്ല. ജംഗ്ഷനുകളിലെ സ്വീകരണവും ഒഴിവാക്കിയിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ പോകുന്നതു പോലെ അമ്പലങ്ങളില്‍ എത്തിച്ചേരുമ്പോള്‍ അവിടെ സ്വീകരണത്തിന് ക്രമീകരണം ഒരുക്കും.

ക്ഷേത്രങ്ങളില്‍ ആള്‍കൂട്ടം അനുവദിക്കില്ല. ഇവിടെയും കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് കൊണ്ടായിരിക്കും ഭക്തര്‍ക്ക് സ്വീകരണത്തിന് അവസരം നല്‍കുകയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. ഘോഷയാത്രയില്‍ അനുഗമിക്കുന്നവരെ എണ്ണം കുറയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ഘോഷയാത്രയെ അനുഗമിക്കുന്നവര്‍ കോവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ഇവര്‍ ഘോഷയാത്രയില്‍ സാമൂഹിക അകലം പാലിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു