എറണാകുളം: ജില്ലയിലെ 272 ബൂത്തുകൾ പ്രശ്നസാധ്യത ബൂത്തുകളുടെ പട്ടികയിൽ. ഇതിൽ 30 എണ്ണം കൊച്ചി സിറ്റി പോലീസ് പരിധിയിലും 246 എണ്ണം ആലുവ റൂറൽ പോലീസ് പരിധിയിലുമാണ്.

കൂടുതൽ പോലീസുകാരെ ഇത്തരം ബൂത്തുകളിൽ വിന്യസിക്കും. സാധാരണ ബൂത്തുകളിൽ പോലീസ് സേനയിൽ നിന്നും ഒരാളെ ക്രമസമാധാന പാലനത്തിനായി നിയമിക്കുമ്പോൾ പ്രശ്നബാധിത ബൂത്തുകളിലും വിദൂര ബൂത്തുകളിലും രണ്ട് പോലീസുകാരെ വീതം നിയമിക്കും. ജില്ലയിൽ 38 പ്രശ്ന സാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തും. ബാക്കിയുള്ള പ്രശ്ന സാധ്യത ബൂത്തുകളിൽ വീഡിയോ റെക്കോർഡിംഗ് ആയിരിക്കും നടത്തുക.

ജില്ലയുടെ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പോളിംഗ് ബൂത്തുകളുടെ എണ്ണം ആലുവ റൂറൽ പോലീസ് പരിധിയിൽ പത്താണ്. അതാത് ബ്ലോക്ക് പഞ്ചായത്തിൻ്റെയോ കോർപറേഷൻ്റെയോ മുനിസിപ്പാലിറ്റിയുടെയോ കൺട്രോൾ റൂമിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ എത്തിപ്പെടാൻ പറ്റാത്ത പോളിംഗ് ബൂത്തുകളെയാണ് വിദൂര പോളിംഗ് ബൂത്തുകളായി പരിഗണിക്കുന്നത്.
തിരഞ്ഞെടുപ്പിനായി ഇത്തരം ബൂത്തുകളിലേക്ക് ഒരു വോട്ടിംഗ് യന്ത്രം അധികമായി നൽകും. ഉപയോഗിക്കുന്ന യന്ത്രത്തിന് തകരാർ സംഭവിച്ചാൽ വോട്ടെടുപ്പ് തടസപ്പെടാതിരിക്കാനാണ് മുൻകരുതൽ.

വേങ്ങൂർ പഞ്ചായത്തിലെ രണ്ടാം നമ്പർ ബൂത്തായ പൊങ്ങിൻ ചുവട് ഗിരിജൻ കോളനി കോ ഓപറേറ്റീവ് സൊസൈറ്റി ബിൽഡിംഗ് ,കടമക്കുടിയിലെ മൂന്ന് ബൂത്തുകളും കുട്ടമ്പുഴപഞ്ചായത്തിലെ തല്ലൂമ്മക്കണ്ടം ട്രൈബൽ കമ്യൂണിറ്റി ഹാളിലെ ബൂത്തും, തേര കോളനിയിലെ വി.എസ്.എസ്. ഓഫീസിലെ ബൂത്തും കല്ലേൽ മേട്ടിലെ വനിത വിപണന കേന്ദ്രത്തിലെ ബൂത്തും ജില്ലയിലെ വിദൂര ബൂത്തുകളാണ്. ജില്ലയിലാകെ 3132 പോളിംഗ് ബൂത്തുകളാണ് ഉള്ളത്.