കൊല്ലം:   നാളെ ജില്ലയില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിഹ്നം രേഖപ്പെടുത്തിയ മാസ്‌ക് ധരിച്ച് ആരും ബൂത്തുകളില്‍ എത്തരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌ക് നിര്‍ബന്ധമാണെങ്കിലും ചിഹ്നമുള്ള മാസ്‌ക് ധരിച്ച് അബദ്ധവശാല്‍ വന്നാല്‍ അവ അഴിച്ചുമാറ്റി വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതല്ല.

പഞ്ചായത്തുകളില്‍ പോളിംഗ് ബൂത്തുകള്‍ക്ക് 200 മീറ്ററിനുള്ളിലും നഗരസഭകളില്‍ 100 മീറ്റര്‍ ഉള്ളിലും ചിഹ്നങ്ങള്‍, മറ്റു പ്രചരണ സാമഗ്രികള്‍ എന്നിവ ഉപയോഗിക്കാനും വോട്ട് അഭ്യര്‍ത്ഥിക്കാനും പാടില്ല. വോട്ടര്‍മാര്‍ കൊണ്ടുവരുന്ന സ്ലിപ്പുകളില്‍ ചിഹ്നങ്ങളോ സ്ഥാനാര്‍ഥിയുടെ ഫോട്ടോയോ മറ്റോ ഉണ്ടാകരുതെന്നും കലക്ടര്‍ അറിയിച്ചു.