മലപ്പുറം:പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനത്തിന്റെ അന്തിമ ഘട്ടമായ മൂന്നാം റാന്‍ഡമൈസേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായി. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍, പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ ഓരോ പോളിംഗ് സ്റ്റേഷനിലേക്കും അഞ്ച് ജീവനക്കാര്‍ എന്ന ക്രമത്തില്‍ 19,875 ജീവനക്കാരെയാണ് ജില്ലയിലെ 3,975 പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്ക് പുറമേ ഓരോ കാറ്റഗറിയിലും 20 ശതമാനം ജീവനക്കാരെ റിസര്‍വ് ആയും നിയമിച്ചിട്ടുണ്ട്. 4,154 ജീവനക്കാരെയാണ് ഇത്തരത്തില്‍ റിസര്‍വ് ആയി നിയമിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ തയ്യാറാക്കിയ ഇ-ഡ്രോപ് എന്ന വെബ് അപ്ലിക്കേഷന്‍ മുഖേന ഇലക്ട്രോണിക് റാന്‍ഡമൈസേഷനിലൂടെ പോളിംഗ് സ്റ്റേഷനുകള്‍ നിര്‍ണയിക്കുന്ന പ്രക്രിയയാണ് ഇന്ന് നടന്നത്. നിയമിക്കപ്പെട്ട ജീവനക്കാരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്കും  ഉപവരണാധികാരികള്‍ക്കും നല്‍കിയിട്ടുണ്ട്.

വിതരണ കേന്ദ്രത്തില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നതിന് ഓരോ പോളിംഗ് സ്റ്റെഷനുകളിലേക്കും നിയമിക്കപ്പെട്ട ജീവനക്കാര്‍ക്ക് പ്രത്യേക സമയക്രമം നല്‍കിയിട്ടുണ്ട്; ജീവനക്കാര്‍ക്ക്  വെബ് സൈറ്റിലെ (www.edrop.gov.in) know your posting എന്ന മെനു മുഖേന അനുവദിച്ച വിതരണ കേന്ദ്രവും, ഹാജരാകേണ്ട സമയവും, ഏത് പോളിംഗ് സ്റ്റേഷനിലേക്കാണ് നിയമിച്ചിട്ടുള്ളതെന്നും അറിയാം. കൂടാതെ കൃത്യമായ ഫോണ്‍ നമ്പര്‍ നല്‍കിയ ജീവനക്കാരെ എസ്എംഎസ് ആയും വിവരം അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ പോള്‍ മാനേജര്‍ എന്ന മൊബൈല്‍ ആപ്പും ഇത്തവണ നടപ്പിലാക്കുന്നുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കും ഇന്ന് (ഡിസംബര്‍ 13) രാവിലെ ആറ് മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .  ഉദ്യോഗസ്ഥര്‍ക്ക് നിയമനം ലഭിച്ച ബൂത്തിന്റെ വിവരം പോള്‍ മാനേജര്‍ അപ്പിലും ലഭ്യമാണ് .പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഇ-ഡ്രോപ്പ് നോഡല്‍ ഓഫീസറും അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റുമായ എന്‍ എം മെഹറലിഅറിയിച്ചു.