കാസർഗോട്:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയെത്തി ഉദ്യോഗസ്ഥര്‍ ബൂത്തുകളും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും സജ്ജമാക്കി. തിങ്കളാഴ്ച രാവിലെ ഏഴിന് പോളിംഗ് തുടങ്ങും. ഇതിന് മുന്നോടിയായി മോക്‌പോള്‍ നടത്തും.

ബ്ലോക്ക്, നഗരസഭാ അടിസ്ഥാനത്തില്‍ ജില്ലയിലെ എട്ടു കേന്ദ്രങ്ങളിലായാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്തത്. കാസര്‍കോട് ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെയും കാസര്‍കോട് നഗരസഭയുടെയും പോളിങ് സാമഗ്രികള്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലും കാഞ്ഞങ്ങാട് നഗരസഭയുടേത് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കാഞ്ഞങ്ങാട് ബ്ലോക്കിന്റേത് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറിയിലും, മഞ്ചേശ്വരം ബ്ലോക്കിനായി കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും കാറഡുക്ക ബ്ലോക്കിന് ബോവിക്കാനം ബിആര്‍എച്ച്എച്ച്എസ്എസും പരപ്പ ബ്ലോക്കിന് പരപ്പ ജിഎച്ച്എസിലും നീലേശ്വരം ബ്ലോക്കിന് പടന്നക്കാട് നെഹ്‌റു കോളേജിലും നീലേശ്വരം നഗരസഭയുടേത് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് വിതരണം ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനായി രാവിലെ എട്ട് മുതല്‍ 9.30 വരെ, 9.30 മുതല്‍ 11 മണി വരെ, 11 മണി മുതല്‍ 12.30 വരെ എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് വിതരണം ചെയ്തത്. എല്ലാ വിതരണ കേന്ദ്രങ്ങളിലും ആവശ്യക്കാര്‍ക്ക് പരിശോധന നടത്താന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആന്റിജന്‍ ടെസ്റ്റ് കൗണ്ടര്‍ ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണ പാനീയങ്ങള്‍ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണശാലയും തയ്യാറാക്കിയിരുന്നു.