കാസർകോട്: പരപ്പ സ്‌കൂളില്‍ ഇലക്ഷന്‍ ജോലികള്‍ മുന്നേറുമ്പോള്‍ ചെറുപുഞ്ചിരിയോടെ തന്റെ ജോലികള്‍ തീര്‍ക്കുന്ന തിരക്കിലാണ് റൂട്ട് ഓഫീസര്‍ ഷംസുദ്ദീന്‍ മല്ലം. 110 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ഷംസുദ്ദീന്റെ പരിമിതികളൊന്നും ജോലിയിലില്ല. കോവിഡ് കാലത്ത് കരുതലോടെ ഓരോ പോളിംഗ് ബൂത്തിലേക്കും ഉദ്യോഗസ്ഥരെ എത്തിക്കേണ്ട ചുമതല പൂര്‍ത്തിയായി. ഇനി വോട്ടെടുപ്പിന് ശേഷം ഇവരെ പരപ്പയിലെ ബ്ലോക്ക് ഇലക്ഷന്‍ തിരിച്ചെത്തിക്കണം. 16ന് ബളാല്‍ പഞ്ചായത്തിന്റെ വോട്ടെണ്ണല്‍ കൂടി കഴിഞ്ഞാല്‍ ഷംസുദ്ദീന്റെ ആദ്യ തിരഞ്ഞെടുപ്പ് ഡ്യൂട്ടി പൂര്‍ത്തിയാകും.
ഒരു വര്‍ഷമായി പനത്തടി ഗ്രാമ പഞ്ചായത്തിലെ ക്ലര്‍ക്കാണ് ഷംസുദ്ദീന്‍. മൂളിയാര്‍ സ്വദേശിയാണ്. തിരക്ക് നിറഞ്ഞ തിരഞ്ഞെടുപ്പ് ജോലികള്‍ക്കിടയിലും ആദ്യമായി തന്നെ കാണുന്നവര്‍ ആശ്ചര്യത്തോടെ നോക്കാറുണ്ടെന്നും അവര്‍ക്കായി മാസ്‌കിനുള്ളില്‍ ഒരു പുഞ്ചിരി ഉണ്ടാകാറുണ്ടെന്നും ഷംസുദ്ദീന്‍ പറഞ്ഞു.