ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാകും വോട്ടെണ്ണല്‍ നടക്കുക. ആദ്യം സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റും തപാല്‍ വോട്ടുകളുമാണ് എണ്ണുന്നത്.
പരമാവധി എട്ടു പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന രീതിയിലാണ് എല്ലാ കേന്ദ്രങ്ങളിലും കൗണ്ടിങ് ടേബിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കൗണ്ടിങ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും ഓരോ തവണയും സ്‌ട്രോങ് റൂമില്‍നിന്ന് കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക.
ത്രിതല പഞ്ചായത്തുകള്‍ക്ക് ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, രണ്ടു കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരുണ്ടാകും. കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റിയിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറേയും ഒരു കൗണ്ടിങ് അസിസ്റ്റന്റിനേയുമാണു നിയമിച്ചിട്ടുള്ളത്. ടാബുലേഷന്‍, പാക്കിങ് എന്നിവയ്ക്കും പ്രത്യേകം ജിവനക്കാരെ വിന്യസിച്ചിട്ടുണ്ട്.