വേനല്‍മഴയെത്തുടര്‍ന്ന് കൊതുകിന്റെ സാന്ദ്രത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.ആര്‍. ജയശങ്കര്‍ അറിയിച്ചു.
കോര്‍പ്പറേഷന്‍ പരിധിയിലെ മുണ്ടയ്ക്കല്‍, കൈക്കുളങ്ങര, കന്റോണ്‍മെന്റ് പ്രദേശങ്ങളിലും, അഞ്ചല്‍, പേരൂര്‍, പുനലൂര്‍, മൈനാഗപ്പള്ളി, പിറവന്തൂര്‍ എന്നീ സ്ഥലങ്ങളിലും കൊതുകിന്റെ സാന്ദ്രത കൂടുതലായി കാണപ്പെടുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആര്‍ദ്രം മിഷനിലൂടെ നടപ്പിലാക്കുന്ന ആരോഗ്യജാഗ്രത 2018 ന്റെ ഭാഗമായി ഏപ്രില്‍ ആദ്യ ആഴ്ച്ച ജില്ലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. ഒരാഴ്ച്ചയിലേറെ കെട്ടി നില്‍ക്കുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് പൊതുജനങ്ങള്‍ വീടിന്റെ പരിസരത്ത് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വെള്ളം കെട്ടിനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം.
ആഴ്ച്ചയിലൊരിക്കല്‍ വീട്ടിലും ഓഫീസുകളിലും പരിസര ശുചീകരണം നടത്തി ഡ്രൈ ഡേ ആചരിക്കണം. ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ അടച്ചു സൂക്ഷിക്കണം. ഈഡിസ് കൊതുക് 400 മീറ്റര്‍ ചുറ്റളവില്‍ പറക്കുന്നതിനാല്‍ ഡെങ്കിപ്പനിബാധ കണ്ടെത്തിക്കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ ആ വീടിന് 400 മീറ്റര്‍ ചുറ്റളവില്‍ കൊതുകു നിര്‍മാജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കാന്‍ വാര്‍ഡുതല ആരോഗ്യസേനയ്‌ക്കൊപ്പം ജനങ്ങളും പ്രവര്‍ത്തിക്കണം. പനി വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം.
ഡെങ്കിപ്പനിയും അതുമൂലമുണ്ടാകുന്ന മരണങ്ങളും തടയുവാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.