ആദിവാസി മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയില്‍ നടപ്പാക്കിയ മില്ലറ്റ് ഗ്രാമം പദ്ധതി ലക്ഷ്യം കാണുന്നു. പൂര്‍ണമായും ജൈവകൃഷിരീതിയില്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി 74.967 ടണ്‍ ചെറുധാന്യങ്ങളാണ് വിളവെടുത്തത്. ഇതില്‍ അധികമായി ഉല്‍പാദിപ്പിച്ച 2.8 ടണ്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി അടുത്തമാസം വിപണിയിലെത്തും.
750 ഏക്കറില്‍ ചെറുധാന്യകൃഷിയും 500 ഏക്കറില്‍ പയറുവര്‍ഗ കൃഷികളും 37.5 ഏക്കറില്‍ പച്ചക്കറി കൃഷി ഉള്‍പ്പെടെ 1287.5 ഏക്കറില്‍ അട്ടപ്പാടി ബ്ലോക്കിലെ 45 ആദിവാസി ഊരുകളിലാണ് കൃഷി ചെയ്തത്. ചോളം, റാഗി, ചാമ, തിന, വരക്, കുതിരവാലി, പയര്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും ഉല്‍പാദിപ്പിച്ചത്. ആദിവാസി കര്‍ഷകരുടെ പാരമ്പര്യ കൃഷി പുനസ്ഥാപിക്കുക, പോഷകഹാരക്കുറവ് മൂലമുള്ള ശിശുമരണം പ്രതിരോധിക്കുക, തനത് കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കി സാമ്പത്തിക നിലവാരം ഉയര്‍ത്തുക എന്നീ ഉദ്ദേശ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പദ്ധതി ആരംഭിച്ചത്. പട്ടികവര്‍ഗ വികസന വകുപ്പും കാര്‍ഷിക-കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി 260 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന ആക്ഷന്‍ പ്ലാന്‍ അംഗീകരത്തിനായി സമര്‍പ്പിച്ചതായും മില്ലറ്റ് ഗ്രാമം സ്‌പെഷല്‍ ഓഫീസര്‍ ബി സുരേഷ് അറിയിച്ചു.
515 ഹെക്ടറില്‍ ട്രാക്ടറുകള്‍, കാളകള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം എന്നിവ ഉള്‍പ്പെടുത്തിയുമാണ് കൃഷിക്ക് നിലമൊരുക്കിയത്. നാഷണല്‍ സീഡ്‌സ് കോര്‍പ്പറേഷന്‍, ദാര്‍വാഡിലെ കാര്‍ഷിക ശാസ്ത്ര സര്‍വ്വകലാശാല, ആലത്തൂര്‍ വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവടങ്ങളില്‍ നിന്നും സംഭരിച്ച വിത്തുകളാണ് കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. കൃഷിക്കാവശ്യമായ ജൈവവളം (കാലിവളം) വിവിധ ഊരുകളില്‍ നിന്നും സഹകരണ സംഘങ്ങള്‍ വഴി വിതരണം നടത്തി. ഉല്‍പാദിപ്പിച്ച ധാന്യങ്ങള്‍ വീടുകളില്‍ സംഭരിക്കുന്നതിനായി 10 ലക്ഷം ചെലവില്‍ 202 ധാന്യസംഭരണികള്‍ നിര്‍മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. കൂടാതെ ചെറുധാന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ അട്ടപ്പാടി ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരേക്കറില്‍ ചെറുകിട മില്ല് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അഗളി പഞ്ചായത്തില്‍ കട്ടക്കാട് ഊരില്‍ കാര്‍ഷിക വിളകള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ തേനീച്ച വേലികള്‍ ആദ്യമായി സ്ഥാപിക്കാനുള്ള നടപടിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കി.
ആട്ടുകൊമ്പ്, അവര, അട്ടപ്പാടി തുവര എന്നിവയ്ക്ക് ഭൗമസൂചിക രജിസ്‌ട്രേഷന്‍ നല്‍കുന്നത് സംബന്ധിച്ച പഠനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലെ ഐപിആര്‍ സെല്ലിന്റെ നേതൃത്വത്തില്‍ മൂലകൊമ്പ്, തെക്കേ ചാവടിയൂര്‍, നക്കുപ്പതി എന്നീ ഊരുകളില്‍ നടക്കുന്നുണ്ട്.
25 വര്‍ഷമായി കൃഷി ചെയ്യാതെ തരിശായി കിടന്ന ആദിവാസി ഭൂമികളില്‍ കൃഷി ആരംഭിച്ച് കര്‍ഷകരെ കാര്‍ഷിക സംസ്‌ക്കാരത്തിലേക്ക് തിരികെയെത്തിക്കാനും അവര്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കി സ്വയംപര്യാപ്തത കൈവരിക്കാനും മില്ലറ്റ് ഗ്രാമം പദ്ധതിയിലൂടെ കഴിഞ്ഞു.