കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ചെറുതോണിയില്‍ നടന്നു വന്ന അരങ്ങ് 2018ന് തിരശീല വീണു. കുടുംബശ്രീ വാര്‍ഷിക സമ്മേളനോത്തോടനുബന്ധിച്ച് ചെറുതോണി വഞ്ചിക്കവല വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് അരങ്ങ് 2018 എന്ന പേരില്‍ കലാകായിക മത്സരങ്ങള്‍ നടന്നത്. രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിപേര്‍ പങ്കെടുത്തു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അജേഷ് റ്റി.ജിയും കായിക മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ എല്‍ ജോസഫും നിര്‍വഹിച്ചു.
ജില്ലാതല മത്സരത്തില്‍ വിജയികളായവര്‍ക്ക് മെയ് 6,7 തിയതികളില്‍ മലപുറത്ത് നടക്കുന്ന സംസ്ഥാന മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. നേരത്തെ താലൂക്ക് അടിസ്ഥാനത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മത്സരങ്ങള്‍ നടത്തിയിരുന്നു. സി ഡി എസ് , എ ഡി എസ് വിഭാഗത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഇക്കുറി ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ പ്രായഭേദമനുസരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നു.
താലൂക്ക് അടിസ്ഥാനത്തില്‍ നടന്ന മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തവരാണ് ജില്ലാതല മത്സരങ്ങളുടെ ഭാഗമായത്. കലാ മത്സരങ്ങളില്‍ 25 ഇനങ്ങളിലായി 200ഓളം ആളുകളും കായിക മത്സരങ്ങളില്‍ 10 ഇനങ്ങളിലായി 150ഓളം ആളുകളും മത്സരങ്ങളില്‍ പങ്കെടുത്തു. മേളയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് വടംവലി മത്സരമായിരുന്നു. വടംവലി മത്സരത്തില്‍ നെടുംകണ്ടമാണ് ജേതാക്കള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി വിപുലമായ പരിപാടികളാണ് കുടുംബശ്രീയുടെ അഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്നത്.
