തൃശ്ശൂർ: ജില്ലയിൽ മയക്കുമരുന്ന് ഉപഭോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി തൃശൂർ സിറ്റി പൊലീസ്. തൃശൂർ സിറ്റി പൊലീസും കെ-9 സ്ക്വാഡും (ഡോഗ് സ്ക്വാഡ്) ചേർന്നാണ് നഗരത്തിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലും വ്യാപക പരിശോധനകൾ നടത്തിയത്. തൃശൂർ സിറ്റി പൊലീസ് പരിധിയിൽ വരുന്ന 20 പൊലീസ് സ്റ്റേഷൻ പരിധികളിലും സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് സംശയാസ്പദമായ ഉറവിടങ്ങളിലും സൂക്ഷിപ്പു കേന്ദ്രങ്ങളിലും വ്യക്തികളുടെ വീടുകളിലും റെയ്ഡ് നടത്തിയത്. വിയ്യൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജയചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പൂമല മൃഗാശുപത്രിക്കു സമീപം വലിയവിരുപ്പിൽ സനുവിന്റെ (27) വീട്ടിൽ നിന്നും 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ മാധവൻകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കുമരനെല്ലൂർ സ്വദേശിനി മന്തിയിൽ നഫീസയിൽ നിന്നും വില്പന നടത്താൻ സൂക്ഷിച്ച ഏഴ് പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. നഫീസയ്ക്കെതിരെ (65) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മയക്കുമരുന്നുകൾ വിൽപ്പനക്കെത്തിക്കുന്നവരെ സംബന്ധിച്ചും ഉപയോഗിക്കുന്നവരെ സംബന്ധിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരികയാണ്. കൂടുതൽ ശക്തമായ നടപടികൾ ഇനിയും തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.മയക്കുമരുന്നുകൾ കണ്ടെത്തുന്നതിൽ വൈദഗ്ദ്യം നേടിയ കെ-9 സ്ക്വാഡിലെ ഡെൽമ (തൃശൂർ സിറ്റി), റാണ (തൃശൂർ റൂറൽ) എന്നീ നായകളും ഹാന്റ്ലർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു പികെ, അനീഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. തൃശൂർ സിറ്റി പൊലീസ് പരിധിയിൽ അനധികൃത മദ്യ നിർമ്മാണം, മയക്കുമരുന്ന് തുടങ്ങിയവ സംബന്ധിച്ച രഹസ്യ വിവരങ്ങൾ നൽകുന്നതിന് ജില്ലാ ആൻ്റി നർക്കോട്ടിക്സ് സ്ക്വാഡിൻ്റെ 9497962783 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.