പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.ബി.സി.ഡി.സി) സാമൂഹിക പ്രതിബദ്ധത പദ്ധതി (സിഎസ്ആര്‍) ഫണ്ടില്‍ നിന്ന് പത്തുലക്ഷം രൂപ വിനിയോഗിച്ച് വിധവകള്‍ക്കായി നല്‍കുന്ന തയ്യല്‍ മെഷീന്‍ വിതരണോദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ- നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കാവശ്ശേരി, തരൂര്‍, പുതുക്കോട്, കണ്ണമ്പ്ര, വടക്കഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും സ്വന്തമായി വരുമാന മാര്‍ഗമില്ലാത്തവരുമായ 50 വിധവകള്‍ക്കാണ് തയ്യല്‍ മെഷീനും അനുബന്ധ ഉപകരണങ്ങളും സൗജന്യമായി വിതരണം ചെയ്തത്. വടക്കഞ്ചേരി പഞ്ചായത്തിലെ സൗജത്ത് ബീഗം ആദ്യ തയ്യല്‍ മെഷീന്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

നിരാലംബരായ സ്ത്രീകള്‍ക്ക് ഇത്തരം സഹായങ്ങളിലൂടെ ജീവിതവരുമാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പ്രസ്തുത പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഈ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ട് വസ്ത്ര നിര്‍മ്മാണ മേഖലയില്‍ വനിതാ വ്യവസായ സഹകരണസംഘം രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ രൂപീകൃതമായി 25 വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ ആറ് ലക്ഷത്തില്‍പ്പരം ഗുണഭോക്താക്കള്‍ക്ക് 4200 കോടി രൂപയുടെ വായ്പ വിതരണം നടത്തി. ഇതില്‍ 50 ശതമാനം തുകയും കഴിഞ്ഞ നാലര വര്‍ഷക്കാലയളവിലാണ് വിതരണം ചെയ്തത്. കെ.എസ്.ബി.സി.ഡി.സി ക്കു കീഴില്‍ 14 ഓഫീസുകളാണ് പുതുതായി ആരംഭിച്ചത്. ജില്ലയില്‍ വടക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിലൂടെ 1800 ഓളം പേര്‍ക്ക് 19.5 കോടിയുടെ സഹായമാണ് ഇതുവരെ ഉറപ്പുവരുത്തിയതെന്നും മന്ത്രി പറഞ്ഞു. ഇപ്രകാരം സഹായം അര്‍ഹിക്കുന്ന ഒറ്റപ്പെട്ട വിഭാഗങ്ങളെ കണ്ടെത്തി പരിരക്ഷ ഉറപ്പാക്കുന്നതില്‍ കെ.എസ്.ബി.സി.ഡി.സി സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണമ്പ്ര എം. ഡി. രാമനാഥന്‍ ഹാളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ കെ.എസ്.ബി.സി.ഡി.സി ചെയര്‍മാന്‍ ടി.കെ.സുരേഷ് അദ്ധ്യക്ഷനായി. ആലത്തൂര്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ സി.കെ ചാമുണ്ണി, മുന്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.റെജിമോന്‍, കെ.എസ്.ബി.സി.ഡി.സി മാനേജിങ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരന്‍, കെ.എസ്.ബി.സി.ഡി.സി ഡയറക്ടര്‍ ടി.കണ്ണന്‍, കെ.എസ്.ബി.സി.ഡി.സി സെക്രട്ടറി രാം ഗണേഷ് എന്നിവര്‍ സംസാരിച്ചു.