കാസർഗോഡ്: ജില്ലാപഞ്ചായത്ത് പ്രസിഡണ്ടായി ബേബി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. എതിര്‍സ്ഥാനര്‍ത്ഥി ജമീലസിദ്ദിഖിനെ ഒരു വോട്ടിനാണ് ബേബി ബാലകൃഷ്ണന്‍ പരാജയപ്പെടുത്തിയത്. ബേബി ബാലകൃഷ്ണന്‍ എട്ടും ജമീല സിദ്ദിഖ് ഏഴ് വോട്ടുമാണ് നേടിയത്. ആകെയുള്ള 17 ജില്ലാ പഞ്ചായത്തംഗങ്ങളില്‍ രണ്ട് അംഗങ്ങള്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്തിയില്ല. ബേബി ബാലകൃഷ്ണന്‍ മടിക്കൈ ഡിവിഷനില്‍ നിന്നാണ് ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാര്‍ വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു. ബേബി ബാലകൃഷ്ണനെ സി ജെ സജിത്ത് നാമനിര്‍ദ്ദേശം ചെയ്യുകയും അഡ്വ എസ് എന്‍ സരിത പിന്താങ്ങുകയും ചെയ്തു. ജമീല സിദ്ദിഖിനെ ഗീതാ കൃഷ്ണന്‍ ആണ് നാമനിര്‍ദ്ദേശം ചെയ്തത്. ഗോള്‍ഡന്‍ അബ്ദുള്‍ റഹ്‌മാന്‍ പിന്താങ്ങി.

ബാലറ്റ് പേപ്പറിലാണ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. ബാലറ്റ് പേപ്പറിന്റെ പിറക് വശത്ത് അംഗങ്ങള്‍ പേരും ഒപ്പും രേഖപ്പെടുത്തിരുന്നു. തുടര്‍ന്ന് ബേബി ബാലകൃഷ്ണന്‍ പ്രസിഡണ്ടായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുന്‍ എം പി പി കരുണാകരന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുന്‍ എം എല്‍ എമാരായ കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഡോ.വി.പി പി മുസ്തഫ, ഹര്‍ഷാദ് വൊര്‍ക്കാടി, അഡ്വ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി വി ബാലകൃഷ്ണന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, കരിവെളളൂര്‍ വിജയന്‍, കുര്യാക്കോസ് പ്ലാറമ്പില്‍ ,അഡ്വ എ ഗോവിന്ദന്‍ നായര്‍,അസീസ് കടപ്പുറം, ടി കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ഷാനവാസ് പാദൂരിനെ തെരഞ്ഞെടുത്തു. ജോമോന്‍ ജോസഫായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 17 അംഗങ്ങളില്‍ ഏട്ട് പേര്‍ ഷാനവാസ്പാദൂരിനും ഏഴ് പേര്‍ ജോമോന്‍ ജോസഫിനും വോട്ട് ചെയ്തു. രണ്ട് അംഗങ്ങള്‍ ആര്‍ക്കും വോട്ട് രേഖപ്പെടുത്താതിനാല്‍ രണ്ട് വോട്ട് അസാധുവായി. വൈസ് പ്രസിഡണ്ടിന് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.