തിരുവനന്തപുരം:തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഹരിതകര്‍മ്മ സേനകള്‍ വഴി ശേഖരിച്ച പാഴ് വസ്തുക്കള്‍ വില നല്‍കി ക്ലീന്‍കേരള കമ്പനി ഏറ്റെടുക്കുമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡി. ഹുമയൂണ്‍ അറിയിച്ചു. മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകളില്‍ തരംതിരിച്ചു വച്ചിട്ടുള്ള പുനചംക്രമണ യോഗ്യമായ പാഴ് വസ്തുക്കളാണ് വിപണി നിരക്കില്‍ ഏറ്റെടുക്കുന്നത്. നിലവില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ ശാസ്ത്രീയമായ ഖരമാലിന്യ സംസ്‌കരണ രീതികള്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന ശേഖരിച്ച അജൈവ മാലിന്യം തരംതിരിച്ചു എം.സി.എഫുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ഹരിതകര്‍മ്മസേന പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും തദ്ദേശഭരണ സ്ഥാപനത്തിന്റെ എല്ലാ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുമായി എല്ലാവിധ പിന്തുണയും ഉറപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ക്ലീന്‍കേരള കമ്പനിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ വൃത്തിയാക്കി തരംതിരിച്ചു സൂക്ഷിച്ചിട്ടുള്ള അജൈവമാലിന്യങ്ങള്‍ പ്രതിഫലം നല്‍കി ക്ലീന്‍കേരള കമ്പനി നീക്കം ചെയ്യുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ക്ലീന്‍കേരള കമ്പനിയുമായി കരാര്‍ ഉടമ്പടി വയ്ക്കണം. കമ്പനിയുമായി ഇതുവരെ കരാര്‍ വച്ചിട്ടില്ലാത്ത എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും 2021 ജനുവരി അഞ്ചിന് മുന്‍പ് കരാര്‍ വയ്ക്കണം. കെട്ടികിടക്കുന്ന അജൈവമാലിന്യങ്ങള്‍ ജനുവരി 10 നകം തരംതിരിച്ച് ക്ലീന്‍കേരള കമ്പനിയ്ക്ക് കൈമാറാനുള്ള നടപടി സ്വീകരിക്കണം. ഇതുവഴി പരമാവധി തുക ഹരിതകര്‍മ്മസേനയ്ക്ക് നേടികൊടുക്കുന്നതിനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള കര്‍മ്മ പരിപാടിയ്ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്നും ക്ലീന്‍കേരള കമ്പനി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ക്കുള്ള പ്രതിഫലം 2021 ജനുവരി 26 ന് നടക്കുന്ന സംസ്ഥാനതല പ്രഖ്യാപനത്തോടൊപ്പം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്നും ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.