ആധുനിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു;
നിര്‍മിക്കുന്നത് 153 കോടി ചെലവില്‍ പുത്തന്‍ സമുച്ചയം
ആരോഗ്യ മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ടു വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചര്‍. പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നിര്‍മിക്കുന്ന ആധുനിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോര്‍പ്പറേറ്റ് മേഖലയിലെ ആശുപത്രികളോടു കിടപിടിക്കുന്ന സജ്ജീകരണങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്. അതിനാല്‍ത്തന്നെ ജനങ്ങള്‍ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിച്ചിരുന്ന സാഹചര്യം ഇപ്പോഴില്ല. ഇത് ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വിപ്ലവമാണ്. രോഗ പ്രതിരോധത്തിലൂന്നിയ പ്രവര്‍ത്തന ശൈലിയിലൂടെ ഗ്രാമ പ്രദേശങ്ങളിലെ ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളുള്ള ട്രോമ കെയര്‍ യൂണിറ്റ് പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിക്ക് മുതല്‍ക്കൂട്ടാകുമെന്നും ആധുനിക ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പാറശ്ശാലയുടെ മുഖഛായ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു.
ആധുനിക ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ അതിര്‍ത്തി പ്രദേശമായ പാറശ്ശാലയിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളെജിനെ ആശ്രയിക്കാതെതന്നെ മികച്ച ചികിത്സാ സൗകര്യം ലഭിക്കും. ആകെ 153 കോടി ചെലവില്‍ 80,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ആശുപത്രി സമുച്ചയം നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമായി 33 കോടി ചെലവഴിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ആരംഭിച്ചിട്ടുള്ളത്. നിലവിലെ ആശുപത്രി പൊളിച്ചു മാറ്റിയാകും പുതിയ കെട്ടിടം നിര്‍മ്മിക്കുക.
എല്ലാവിധ അത്യാധുനിക സംവിധാനങ്ങളും പുതിയ ആശുപത്രിയിലുണ്ടാകും. മൂന്നു വലിയ ഓപ്പറേഷന്‍ തിയേറ്റര്‍, ഒരേ സമയം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന പതിനഞ്ചോളം ഒ.പികള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ടാകും.
സി. കെ ഹരീന്ദ്രന്‍ എം. എല്‍. എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ദിരത്തിന്റെ ശിലാഫലകം അദ്ദേഹം അനാശ്ചാദനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ബി. ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ ബെന്‍ഡാര്‍വിന്‍, പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍. മഞ്ചു സ്മിത, ജില്ലാ പഞ്ചായത്ത് അംഗം വി. ആര്‍ സലൂജ, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.