Kerala’s top 50 Policies and Projects-01
വികസനത്തിന്റെയും ക്ഷേമത്തിന്റെയും ഒരിക്കലും കാണാത്ത മുന്നേറ്റങ്ങൾക്കിടയിലും നമ്മെ ആശങ്കയിലാഴ്ത്തി പ്രകൃതി, പകർച്ചവ്യാധി ദുരന്തങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കടന്നുവന്ന നാലര വര്‍ഷങ്ങളാണു കടന്നു പോയത്. എന്നാല്‍ അതിനെയെല്ലാം ഒരുമയോടെനിന്നു നേരിടാന്‍ നമുക്കു സാധിച്ചു. ഓഖി, 2018-ലെയും 2019-ലെയും പ്രളയം, നിപ്പ എന്നിവയെ അതിജീവിച്ച നമ്മള് ഇപ്പോള്‍ കോവിഡിനെയും പ്രതിരോധിച്ചു മുന്നോട്ടുപോവുകയാണ്.
എല്ലാത്തരം ദുരന്തങ്ങളെയും യുദ്ധസന്നദ്ധതയോടെ നേരിടാനും അവയുടെ ആഘാതം പരമാവധി കുറയ്ക്കാനും അതിനായി മികച്ച ആസൂത്രണം നടത്താനും സാധിച്ചു എന്നത് കേരളത്തിന്റെ നേട്ടമാണ്. ഏതു ദുരന്തത്തെയും നേരിടാൻ പ്രാപ്തിയുള്ള, ജാഗ്രതയും ചലനാത്മകതയുമുള്ള, ഈ സംവിധാനം വികസിപ്പിക്കാനായത് കഴിഞ്ഞ നാലുവര്‍ഷംകൊണ്ടു നേടിയ നേട്ടങ്ങളില്‍ പ്രധാനമാണ്. കേരളത്തിന്റെ അമ്പതു പദ്ധതികളെക്കുറിച്ചു പറയുന്ന ഈ പരമ്പരയില്‍ ദുരന്തനിവാരണത്തെക്കുറിച്ചുതന്നെയാകട്ടെ ആദ്യം.
ഏറ്റവും മികച്ച എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ (ദുരന്തനിവാരണ കേന്ദ്രം) സംസ്ഥാനത്ത് ആദ്യം സ്ഥാപിക്കാന്‍ കഴിഞ്ഞതും എല്ലാ ജില്ലകളിലും ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിച്ചതും നേട്ടങ്ങളില്‍ പ്രധാനമാണ്. ദുരന്തനിവാരണ ഏകോപനത്തിനൊപ്പം ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി ദുരന്തനിവാരണപ്ലാന്‍ തയാറാക്കാന്‍ സാധിച്ചു. കോസ്റ്റല്‍ ഇറോഷന് (കടലാക്രമണം), വിൻഡ് (കാറ്റ്), സോയില്‍ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്), സൺസ്റ്റ്രോക്ക് (സൂര്യാഘാതം), ലൈറ്റനിങ് (ഇടിമിന്നല്‍) എന്നിവ കേരളത്തിന്റെ പൊതുവായ ദുരന്തങ്ങളായി മാറിക്കഴിഞ്ഞ ഇക്കാലത്ത് ദുരന്തസാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടത്തി നാം മാപ് ചെയ്തു! കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അതിന്റെകൂടി അടിസ്ഥാനത്തിൽ സംസ്ഥാന-ജില്ലാ അടിസ്ഥാനത്തിലും തദ്ദേശസ്ഥാപനതലത്തിലും ദുരന്തനിവാരണപ്ലാന്‍ തയാറാക്കാനും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകളെ സജ്ജമാക്കാനും സാധിച്ചത്.
അടിസ്ഥാനസൗകര്യങ്ങളും ആസൂത്രണങ്ങളും കൂടാതെ ദുരന്തനിവാരണരംഗത്ത് നൂതനനയങ്ങള് ആവിഷ്കരിക്കാനും ഈ നാലു വര്‍ഷംകൊണ്ട് നമ്മൾക്കു സാധിച്ചു. ഫ്ലഡ് റിസ്ക് റിഡക്ഷന്‍ കെട്ടിടനിര്മ്മാണച്ചട്ടമായി കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതിനൊപ്പം ഒരുലക്ഷം പേരുടെ സന്നദ്ധസേന ആരംഭിച്ചു. ഏതു സമയത്തും ഇവര്‍ കര്‍മ്മനിരതരാണ്.
ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ഡിസെബിലിറ്റി ഇന്‍ക്ലുസീവ് ഡിസാസ്റ്റര്‍ റിസ്ക് റിഡക്ഷന്‍ പ്രോഗ്രാം ആരംഭിച്ചു. ഈ രീതിയിലുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി ഇന്ത്യയിലെ മികച്ച അഞ്ച് ദുരന്തനിവാരണ അതോറിറ്റികളില്‍ ഒന്നായി കേരളത്തിലെ അതോറിറ്റിയും മാറി. ദുരന്തങ്ങളെ നേരിടാനുള്ള ആസൂത്രണവും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനുള്ള കര്‍മ്മപദ്ധതിയും കോര്‍ത്തിണക്കി ജനങ്ങളുടെ സുരക്ഷയ്ക്കായി ഏറ്റവും മികച്ച തയാറെടുപ്പു നടത്താനും ഇതിനുള്ള സംവിധാനം സ്ഥിരമായി സ്ഥാപിക്കാനും കഴിഞ്ഞത് കേരളത്തിന്റെ മറ്റൊരു നേട്ടമാണ്.