Kerala’s Top 50 Policies and Projects-05
നീതി ആയോഗ് ഇൻഡക്സിൽ ഒന്നാമത്
ഈ പരമ്പരയിലെ മുന് ലക്കത്തില് (നാലാമത്തെ ലേഖനം) പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനും വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം വര്ധിപ്പിക്കാനും അക്കാദമിക നിലവാരം ഉയര്ത്താനും വേണ്ടി സര്ക്കാര് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു.
പൊതുവിദ്യാഭ്യാസരംഗത്ത് പ്രത്യക്ഷത്തിൽ കാണാവുന്ന പുത്തൻ കെട്ടിടങ്ങൾക്കും ഹൈടെക് ക്ലാസുകൾക്കും അപ്പുറം വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതം പരിഷ്കരിക്കാനും വിദൂരഭാവി മുന്നില്ക്കണ്ട് ആ വകുപ്പിനെ ശക്തിപ്പെടുത്താനും സര്ക്കാരിനു സാധിച്ചു എന്നത് കാര്യമായി ചർച്ചചെയ്യപ്പെടുന്നില്ലെങ്കിലും വളരെ പ്രധാനമാണ്. ഫലപ്രദമായ ഭരണനിര്വ്വഹണത്തിന് ഡി.പി.ഐ, ഹയര് സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ഡറി ഡയറക്റ്ററേറ്റുകളെ ഒരുമിപ്പിച്ച് ‘ഡയറക്ടർ ഓഫ‌് ജനറൽ എഡ്യൂക്കേഷൻ’ (ഡിജിഇ) എന്ന
ഒറ്റ സംവിധാനത്തിന്റെ പരിധിയില് കൊണ്ടുവന്നതാണ് അതിൽ പ്രധാനം. ഇത് വിദ്യാഭ്യാസരംഗത്തെ ഏകോപനത്തിനു ഗുണകരമായി.
വിദ്യാലയങ്ങളുടെ പ്രവര്ത്തനത്തിന്റെ നെടുംതൂണുകള് അദ്ധ്യാപകരാണ്. അതുകൊണ്ടുതന്നെ അദ്ധ്യാപകരുടെ സേവനം മികച്ചതാക്കാന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റിലൂടെ കഴിഞ്ഞു. സംരക്ഷിത അദ്ധ്യാപക പുനര്വിന്യാസം കുറ്റമറ്റരീതിയിലും സമയബന്ധിതമായും നടപ്പിലാക്കാൻ സംവിധാനം ഒരുക്കി. അദ്ധ്യാപക, അനദ്ധ്യാപക സ്ഥലം മാറ്റം ഡിജിറ്റലൈസ് ചെയ്യുകയും കൃത്യമായ മാനദണ്ഡങ്ങള്ക്ക് അനുസൃതമാക്കുകയും ചെയ്തു.
വൊക്കേഷണല് ഹയര് സെക്കന്ഡറി കോഴ്സുകള് എന്. എസ്. ക്യു. എഫിലേക്കു പരിവര്ത്തിപ്പിച്ചു. അരികുവത്ക്കരിക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്ക്കായി ഊരുവിദ്യാകേന്ദ്രങ്ങള്, പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള് എന്നിവ ആരംഭിച്ചു. 168 ബി. ആര്. സി. കളിലും ഓട്ടിസം സെന്റര് തുറന്നു.
ഇത്തരത്തിലുള്ള പുരോഗമനാത്മകമായ പ്രവര്ത്തനത്തിന്റെ ഫലമാണ് സ്കൂള്‌വിദ്യാഭ്യാസരംഗത്ത് ആദ്യത്തെ ഡിജിറ്റല് സംസ്ഥാനം എന്ന പദവി കേരളത്തിനു ലഭിക്കാനുള്ള സാഹചര്യം ഒരുക്കിയത്. നീതി ആയോഗിന്റെ സ്കൂള് എഡ്യൂക്കേഷന് ക്വാളിറ്റി ഇന്ഡക്സിലും കേരളം ഒന്നാമതായി. സമൂഹത്തിന്റെ പുരോഗതി വിദ്യാഭ്യാസമുള്ള ഭാവിതലമുറയെ വാര്ത്തെടുക്കുന്നതിലൂടെ മാത്രമെ സാധിക്കൂ എന്നു തിരിച്ചറിഞ്ഞതിൻ്റെ ഫലമായാണ് സര്ക്കാര് ഇത്തരം പ്രവര്ത്തനങ്ങള് ഏറ്റെടുത്തു നടപ്പാക്കുന്നത്.