Kerala’s Top 50 Policies and Projects-08
സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് ഹോട്ടൽ ശൃംഖല തുടങ്ങുമെന്ന തീരുമാനം 2020-21 ലെ വാർഷിക ബജറ്റിലാണ് സർക്കാർ പ്രഖ്യാപിച്ചത്. കേരളത്തിലെ പഞ്ചായത്തുകളിൽ ഒന്ന് വീതവും മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ ഒരു വാർഡിന് ഒന്നു വീതവും എന്ന നിലയിൽ 20 രൂപയ്ക്ക് (പാഴ്‌സൽ-25) ഭക്ഷണം നൽകുന്ന ഹോട്ടൽ ശൃംഖല തുടങ്ങാനുള്ള വെല്ലുവിളി ഏറ്റെടുത്തത് കേരളത്തിൻറെ അഭിമാനമായ കുടുംബശ്രീ മിഷനാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയുടെയും ധനസഹായത്തിന്റേയും സംയോജനത്തോടെയാണ് ഹോട്ടൽ ആരംഭിച്ചത്. സിവിൽ സപ്ലൈസിന്റെ പൂർണ പിന്തുണയോടെ കുടുംബശ്രീ ഒരു സംരഭ മാതൃകയിലാണ് ഹോട്ടൽ തുടങ്ങിയത്. ഇത് അഭിമാനപൂർവ്വം കേരളത്തിന്റെ നേട്ടമായി നമുക്ക് പറയാൻ കഴിയും. 849 ജനകീയ ഹോട്ടലുകളാണ് ഇത്തരത്തിൽ കേരളത്തിൽ തുറന്നിട്ടുള്ളത്.
ജനങ്ങൾക്ക് ഏറ്റവും ഗുണകരമായ നയം സ്വീകരിക്കുന്നതിനൊപ്പം മികച്ച രീതിയിൽ പദ്ധതികൾ നടപ്പാക്കാനും കഴിയും എന്നതിന്റെ മികച്ച ഉദാഹരണമാണ് ജനകീയ ഹോട്ടൽ. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇത്തരം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുക എന്നത് ചെറിയ കാര്യമല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഹോട്ടൽ ആരംഭിക്കാൻ സ്ഥലവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി. സിവിൽ സപ്ലൈസ് വഴി കുറഞ്ഞ നിരക്കിൽ അരി നൽകാൻ എസ്റ്റാബ്ലിഷ്‌മെൻറ് പെർമിറ്റ് നൽകി. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഹോട്ടലുകൾ സംരംഭക മാതൃകയിൽ തുടങ്ങാനുള്ള ഗുണഭോക്താക്കളെ കണ്ടെത്തിയത്. ധനവകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾക്ക് സബ്‌സിഡി ധനസഹായം വിതരണം ചെയ്യുന്നുണ്ട്.
വിവിധ വകുപ്പുകൾ ചേർന്ന് നടത്തേണ്ട കാര്യങ്ങൾ എട്ട് മാസംകൊണ്ട് നടപ്പാക്കി എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ ആയിരം ഹോട്ടലുകളിലേക്ക് എത്തുമ്പോൾ അത് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണമാണ്. ഓരോ ദിവസവും ഒരുലക്ഷത്തോളം പേരാണ് ജനകീയ ഹോട്ടലിൽനിന്നും ഭക്ഷണം കഴിക്കുന്നത്. ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ സർക്കാരിന്റെ പദ്ധതിയായി ഈ ഭക്ഷ്യ ശ്യംഖല മാറുമ്പോൾ നമുക്ക് അഭിമാനിക്കാം.