എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ജില്ലയിലെ വോട്ടർപട്ടിക നിരീക്ഷക മിനി ആന്റണി കണയന്നൂർ താലൂക്ക് സന്ദർശിച്ചു. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനായി താലൂക്കിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച നിരീക്ഷക താലൂക്കുതല പ്രവർത്തനങ്ങൾ വിലയിരുത്തി.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി ഒക്ടോബർ 10 മുതൽ ഡിസംബർ 31 വരെ കണയന്നൂർ താലൂക്കിന് കീഴിലെ തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര നിയോജക മണ്ഡലങ്ങളിൽ നിന്നായി 16344 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. കണയന്നൂർ തഹസിൽദാർ ബീന പി. ആനന്ദ്, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ ടി.കെ ബാബു, ജില്ലാതല ഇലക്ഷൻ പ്രോഗ്രാമർ റോണി പി.സി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.