എറണാകുളം: കെ.എസ്. ആർ ടി സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയിൽ മൂന്ന് സംഘടനകൾക്ക് അംഗീകാരം.
കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) 35. 24 ശതമാനം വോട്ടുകൾ നേടി കൂടുതൽ വോട്ടുകൾ നേടിയ സംഘടനയായി. ആകെ സാധുവായ 26837 വോട്ടുകളിൽ സി.ഐ.ടി.യുവിന് 9457 വോട്ടുകൾ ലഭിച്ചു. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (TDF) 23. 37 ശതമാനം വോട്ടുകൾ ( 6271) നേടി. കെ.എസ്.ടി. എംപ്ലോയീസ് സംഘിന് (ബി.എം.എസ്) 18.21 ശതമാനം ( 4888) വോട്ടും ലഭിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ – എ.ഐ.ടി.യു സി (9.64%) , കെ.എസ്.ആർ.ടി.സി വർക്കേഴ്സ് ഫെഡറേഷൻ (2.74 %), കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് ഫ്രണ്ട് യൂണിയൻ ( 1.24%) , കെ.എസ്.ആർ.ടി.ഇ വെൽഫെയർ അസോസിയേഷൻ (9.03 %) വോട്ടുകളും നേടി. 134 വോട്ടുകൾ അസാധുവായി. ആകെ ഏഴ് സംഘടനകളാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തത്.
സ്റ്റേറ്റ് റിട്ടേണിംഗ് ഓഫീസർ കൂടിയായ റീജണൽ ജോയിൻ്റ് ലേബർ കമീഷണർ ഡി.സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം ജീവനക്കാരായ 27,471 തൊഴിലാളികളായിരുന്നു സമ്മതിദായകർ. സ്ഥംസ്ഥാനത്താകെ 100 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരുന്നത്..
തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിൻ്റെ15 ശതമാനം വോട്ടെങ്കിലും ലഭിക്കുന്ന സംഘടനകൾക്കാണ് അംഗീകാരം നൽകുന്നത്. 51 ശതമാനമോ അതിൽ കൂടുതലോ വോട്ട് ലഭിക്കുന്ന സംഘടനയെ സോൾ ബാർഗെയ്നിംഗ് ഏജൻറായി പരിഗണിക്കും. മൂന്നു വർഷം കൂടുമ്പോഴാണ് ഹിതപരിശോധന നടത്തുന്നത്. എന്നാൽ 2016 ലാണ് അവസാനമായി നടത്തിയത്. 2016ൽ സി.ഐ.ടി.യു വിന് 48.52 ശതമാനം വോട്ടും , ടി.ഡി.എഫിന് 27.01 ശതമാനം വോട്ടും
ബി.എം.എസിന് എട്ട് ശതമാനം വോട്ടുമാണ് ലഭിച്ചത്.