പാലക്കാട്:  കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്സസ് സംസ്ഥാനത്ത് മാര്ച്ച് 31 വരെ നീട്ടി. സാമ്പത്തിക പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിരിക്കുന്ന മുഴുവന് സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് കോവിഡ് മൂലം നടത്താന് കഴിയാതിരുന്നതിനാലാണ് സെന്സസ് നീട്ടിയത്. സംരംഭങ്ങള്, അവയില് ഏര്പ്പെട്ടിരിക്കുന്നവര്, ഉടമസ്ഥതയിലെ പാര്ട്ട്ണര്ഷിപ്പ്, നിര്മ്മാണപ്രവര്ത്തനങ്ങള്, തൊഴിലാളികളുടെ എണ്ണം, വാര്ഷികവരുമാനം, രജിസ്‌ട്രേഷന്, മറ്റു ബ്രാഞ്ചുകള്, മുതല്മുടക്കിന്റെ പ്രധാന സ്രോതസ്സ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. സംരംഭങ്ങള് ഇല്ലാത്ത വീടുകളില് ഗൃഹനാഥന്റെ പേര്, മേല്വിലാസം, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം തുടങ്ങിയ അടിസ്ഥാന വിവരങ്ങള് മാത്രമാണ് ശേഖരിക്കുന്നത്. കൃത്യമായ വിവരങ്ങള് ലഭ്യമാക്കണമെന്ന് നാഷണല് സ്റ്റാറ്റിസ്റ്റിക്കല് ഓഫീസ് കോഴിക്കോട് റീജിയണല് ഡയറക്ടര് എഫ്.മുഹമ്മദ് യാസിര് അറിയിച്ചു.