എറണാകുളം: ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം നിരീക്ഷിക്കുന്നതിനായി സെക്ടറൽ മജിസ്ട്രേറ്റുമാരെ വീണ്ടും നിയമിച്ചു. 15 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് ജില്ലയിൽ നിയമിച്ചിരിക്കുന്നത്. 15 ഉദ്യോഗസ്ഥരെ റിസർവ്ഡ് വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കണയന്നൂർ താലൂക്കിൽ മൂന്ന് ഉദ്യോഗസ്ഥരെയും മറ്റ് താലൂക്കുകളിൽ രണ്ട് ഉദ്യോഗസ്ഥരുമാണുള്ളത്. പോലീസിൻ്റെ സഹകരണത്തോടെയായിരിക്കും മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം.

കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ വന്നതിനാൽ ആളുകൾ കൂടുതലെത്തുന്ന പരിപാടികളിലായിരിക്കും നിരീക്ഷണം ശക്തമാക്കുന്നത്. ഇത്തരത്തിലുള്ള പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ പോലീസ് മജിസ്ട്രേറ്റിന് കൈമാറണം. ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ തന്നെയാണ് രണ്ടാം ഘട്ടത്തിലും നിയമിച്ചിരിക്കുന്നത്. ഇവർക്കായി നാഷണൽ ഇൻഫർമാറ്റിക് സെൻ്ററിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനം നൽകാനും തീരുമാനമായി.

ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ എസ്.ഷാജഹാനെ നോഡൽ ഓഫീസറായും നിയമിച്ചു.
ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ അധ്യക്ഷതയിൽ
സെക്ടറൽ മജിസ്ട്രേറ്റുമാരുടെ വീഡിയോ കോൺഫറൻസ് കളക്ടറേറ്റിൽ ചേർന്നു. എഡിഎം സാബു കെ. ഐസക്, എച്ച്.എസ്. ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.