പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനം ജനുവരി 8 ന്‌ ആരംഭിക്കും. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സമ്മേളനം ചേരുകയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. സഭയിലെ അംഗമായിരിക്കെ അന്തരിച്ച ചങ്ങനാശ്ശേരി എം.എൽ.എ, സി.എഫ്. തോമസിന്റെയും മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെയും ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയതിനുശേഷം പതിനൊന്നാം തിയതി സഭ പരിയും.

ജനുവരി 12, 13, 14 തിയതികളിൽ ഗവർണർക്കുള്ള നന്ദിപ്രമേയത്തിൽ ചർച്ച നടക്കും. 2021-2022 വർഷത്തെ സംസ്ഥാന ബഡ്ജറ്റ് 15ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് അവതരിപ്പിക്കും. 18, 19, 20 തിയതികളിൽ ബഡ്ജറ്റിനെക്കുറിച്ചുള്ള പൊതുചർച്ച നടക്കും.
ബഡ്ജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർത്ഥന സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും 21നും 2021-2022 വർഷത്തെ ആദ്യ നാലുമാസത്തേക്കുള്ള വോട്ട്-ഓൺ-അക്കൗണ്ടിൻമേലുള്ള ചർച്ചയും വോട്ടെടുപ്പും 25നും നടത്തും.

നിയമസഭാ സ്പീക്കറെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിനുള്ള നോട്ടീസിൻമേൽ ഭരണാഘടനാ വ്യവസ്ഥകളുടെയും നിയമസഭാ നടപടി ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ യുക്തമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ അറിയിച്ചു.
ജനുവരി 27, 28 തിയതികളിൽ ഗവൺമെന്റ് കാര്യത്തിനായി നീക്കിവച്ചിട്ടുള്ള സമയം എങ്ങനെ വിനിയോഗിക്കണമെന്നതു സംബന്ധിച്ച് കാര്യോപദേശക സമിതി യോഗം ചേർന്ന് തീരുമാനിക്കും. ജനുവരി 28ന് സമ്മേളനം അവസാനിക്കും.
ഇ-നിയമസഭ പദ്ധതിയുടെ സാധ്യതകൾ പരമാവധി ഉൾപ്പെടുത്തിയായിരിക്കും ഗവർണറുടെ പ്രസംഗവും ബഡ്ജറ്റ് പ്രസംഗവും ഉൾപ്പെടെയുള്ള സഭാ നടപടികൾ നിർവഹിക്കുക.