തൃശ്ശൂർ:മുസിരിസ് സൈക്ലിംഗ് സീരീസിന്റെ ഭാഗമായുള്ള ദശ ദിന ഹെറിറ്റേജ് സൈക്കിൾ റൈഡ് അവസാനിക്കുമ്പോൾ താരമായത് കൊല്ലത്ത് നിന്നെത്തിയ പൊലീസുകാരനും മകളും. മുസിരിസ് പൈതൃക പദ്ധതി പ്രദേശം കണ്ടറിയാനാണ് കൊല്ലം പാരിപ്പള്ളി
സ്റ്റേഷനിലെ എ എസ് ഐ ഷാജഹാനും മകൾ തസ്ലീനയും സൈക്ലിംഗ് താരങ്ങളായത്. ഇതാദ്യമായല്ല ഷാജഹാൻ സൈക്കിളിൽ ഉലകം ചുറ്റുന്നത്. അപകടങ്ങൾക്കെതിരേ ബോധവത്കരണവുമായി സൈക്കിൾ ചവിട്ടിയാണ് ഈ പൊലീസുകാരൻ ആദ്യം വാർത്തകളിൽ ഇടം നേടുന്നത്.14 ജില്ലകൾ, 18 ദിവസം, 1700 കിലോമീറ്റർ.. 2019ൽ ഹെൽമറ്റ് ബോധവത്കരണത്തിനായുള്ള ജീവൻ രക്ഷായാത്ര ഈ രീതിയിലാണ് നടത്തിയത്. കൊല്ലത്തു നിന്നും ആരംഭിച്ച് മഞ്ചേശ്വരം വരെയും തിരികെ തിരുവനന്തപുരം പാറശ്ശാല വഴി കൊല്ലത്ത് സമാപിപ്പിക്കുകയായിരുന്നു. അന്ന് കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിലെ സിവിൽ ഓഫീസറായിരുന്നു അദ്ദേഹം. വീട്ടിൽനിന്ന് ഇരുപത് കിലോമീറ്റർ അകലെയുള്ള സ്റ്റേഷനിലേക്ക് വർഷങ്ങളായി സൈക്കിൾ ചവിട്ടിയെത്തുന്ന അനുഭവത്തിന്റെ കരുത്തിലാണ് ഷാജഹാൻ ജീവൻരക്ഷാ യാത്രക്കിറങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ തസ്ലീന പിതാവിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് സൈക്ലിംഗ് രംഗത്തേക്കിറങ്ങിയത്. കേരളത്തിലെ വിവിധ സൈക്ലിംഗ് ക്ലബ്ബുകളെ പങ്കെടുപ്പിച്ചുള്ള മുസിരിസ് സൈക്ലിംഗ് സീരിസിന്റെ ഭാഗമായാണ് ഹെറിറ്റേജ് സൈക്കിൾ റൈഡിന് തുടക്കമിട്ടത്. നാനൂറ് സൈക്ലിസ്റ്റുകൾ മുസിരിസ് പൈതൃക പദ്ധതിയുടെ വിവിധ മ്യൂസിയങ്ങളും സ്മാരകങ്ങളും സന്ദർശിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 50 റൈഡർമാർ വീതം ഓരോ ദിവസങ്ങളിലായി പങ്കെടുത്ത റൈഡ് മുസിരിസ് മുനക്കൽ ഡോൾഫിൻ ബീച്ച് കേന്ദ്രീകരിച്ചാണ് ആരംഭിച്ചത്. മുഹമ്മദ് അബ്ദുൾ റഹ്‌മാൻ സാഹിബ് മ്യൂസിയം, കോട്ടപ്പുറം കോട്ട, കോട്ടപ്പുറം വാട്ടർ ഫ്രണ്ട്, പറവൂർ സിനഗോഗ്, പാലിയം കൊട്ടാരം, പാലിയം നാലുകെട്ട്, ചേന്ദമംഗലം സിനഗോഗ് എന്നിവിടങ്ങളിൽ സൈക്കിൾ റാലി എത്തിച്ചേർന്നു. വൈകുന്നേരം ക്രൂയിസ് ബോട്ടിൽ സവാരിയും സജ്ജമാക്കിയിരുന്നു.ഫെബ്രുവരിയിൽ പൊന്നാനിയിൽ നിന്നാരംഭിച്ച് മുസിരിസ് പൈതൃക പദ്ധതി മേഖലയിലൂടെ സൈക്കിൾ ചവിട്ടി ആലപ്പുഴ പൈതൃക പദ്ധതി വരെ പോകുന്ന സൈക്ലിംഗ് പരിപാടി സംഘടിപ്പിക്കുമെ മുസിരിസ്-ആലപ്പുഴ പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ് അറിയിച്ചു.
മുസിരിസിലേക്ക് ഒരു ‘പൊലീസ്’ റാലി; മുസിരിസ് സൈക്ലിംഗ് സീരീസിൽ താരമായി എ എസ് ഐയും മകളും
Home /ജില്ലാ വാർത്തകൾ/തൃശ്ശൂർ/മുസിരിസിലേക്ക് ഒരു ‘പൊലീസ്’ റാലി; മുസിരിസ് സൈക്ലിംഗ് സീരീസിൽ താരമായി എ എസ് ഐയും മകളും