സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ പ്രഖ്യാപനം നാളെ (ജനുവരി 9) വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നടൻ ടോവിനോ തോമസ് സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസഡർ പദവി ഏറ്റെടുക്കും. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ അമിത് മീണ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ദുരന്തമുഖങ്ങളിൽ ജനങ്ങൾക്ക് സഹായമെത്തിക്കുക, ആവശ്യമായ ശാസ്ത്രീയപരിശീലനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയിൽ നിലവിൽ 3.6 ലക്ഷം അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആദ്യഘട്ട പ്രീ മൺസൂൺ പരിശീലനം ഓൺലൈനായി നടക്കുകയാണ്. സന്നദ്ധ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ചിട്ടയായ പരിശീലനം താഴെ തട്ടിൽ വരെ എത്തിക്കുന്നതിനുള്ള പ്രവർത്തനം തുടരുകയാണ്. സന്നദ്ധ പ്രവർത്തകർക്കാവശ്യമായ ഇൻഷുറൻസ്, മൽസര പരീക്ഷകളിലെ വെയ്‌റ്റേജ് എന്നിവയും സർക്കാരിന്റെ പരിഗണനയിലാണ്. പരിശീലനം പൂർത്തിയാക്കിയ മുഴുവൻ പ്രവർത്തകർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടുണ്ട്. വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി ഐ.ഡി കാർഡ് വിതരണം തുടങ്ങാനുള്ള നടപടിയും സന്നദ്ധ സേന ഡയറക്ടറേറ്റ് പൂർത്തിയാക്കി. മുഖ്യമന്ത്രിയുടെയും സന്നദ്ധസേനയുടെയും ഫേസ്ബുക്ക് പേജുകളിലൂടെ പരിപാടിയിൽ പങ്കെടുക്കാം.