തിരുവനന്തപുരം ജില്ലയില്‍ പട്ടികജാതി കുടുംബംങ്ങള്‍ താമസിക്കുന്ന കോളനികളും പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളും ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ ‘അംബേദ്കര്‍ ഗ്രാമം’ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്.
സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുകയെന്ന ലക്ഷ്യമായിരുന്നു പദ്ധതിക്കുണ്ടായിരുന്നത്. ആ ലക്ഷ്യം വിജയകരമായി മുന്നേറിയിരിക്കുന്നു.  അടിസ്ഥാനസൗകര്യം കുറവായിരുന്ന കോളനികളിലും സെറ്റില്‍മെന്റുകളിലും റോഡ് നിര്‍മ്മാണം, ഡ്രൈനേജ്, കുടിവെള്ള പദ്ധതി, ഇന്റേണല്‍ റോഡ്, സാംസ്‌കാരിക നിലയം, ഓപ്പണ്‍ സ്റ്റേജ് തുടങ്ങിവ നിര്‍മിച്ചതും മേഖലയിലെ വികസന കുതിപ്പിന് കരുത്തേകി.
ഓരോ പ്രദേശത്തും ഏതുതരം വികസനമാണ് വേണ്ടതെന്നു തിരിച്ചറിഞ്ഞ ശേഷമാണ് ഓരോ പ്രവര്‍ത്തികളും നടത്തിയത്. 40-ലധികം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന സങ്കേതങ്ങളാണ് അംബേദ്കര്‍ ഗ്രാമങ്ങളായി വികസിപ്പിച്ചത്. ചെന്നിലോട് കോളനി, ഇ. പി കോളനി, കൈപ്പടക്കോണം – പുളിയറക്കോണം കോളനി, ഖാന്‍- മുണ്ടയ്ക്കല്‍ കോളനി, രണ്ടാംചിറ കോളനി, വേങ്കവിള – കുട്ടത്തിവിള – നാക്കോട്ട്കോണം കോളനി, നിലമേല്‍ കോളനി, വാഴ് വേലി – തെന്നൂര്‍ കോളനി എന്നിങ്ങനെ ജില്ലയില്‍ ഇതുവരെ ഏട്ടു പട്ടികജാതി കോളനികളാണ് അംബേദ്കര്‍ ഗ്രാമങ്ങളായി വികസിപ്പിച്ചത്. കൂടതെ ജില്ലയിലെ പത്തോളം പട്ടികജാതി കോളനികളും അംബേദ്കര്‍ ഗ്രാമങ്ങളായി വികസിപ്പിക്കുവാനുള്ള നടപടികള്‍ അതിവേഗം പുരോഗമിച്ചുവരുന്നു. ഒരു കോടി രൂപ വീതമാണ് ഓരോ അംബേദ്കര്‍ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതിനായി നല്‍കുന്നത്.
ജില്ലയിലെ അഞ്ച് പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളാണ് അംബേദ്കര്‍ കോളനികളായി വികസിപ്പിച്ചത്. വിതുര പഞ്ചായത്തിലെ പട്ടന്‍കുളിച്ച പാറ, ആലുംമൂട് പഞ്ചായത്ത്, പെരുങ്ങമ്മല പഞ്ചായത്തിലെ താന്നിമൂട്, പാങ്ങോട് ചെട്ടിയെകൊന്നകയം, പള്ളിപ്പുരകരിക്കകം എന്നിവയാണ് പ്രവര്‍ത്തനം പൂര്‍ത്തിയായവ. എട്ടു കോടി രൂപയാണ് പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റുകളില്‍ പദ്ധതി നടത്തിപ്പിനായി വിനിയോഗിച്ചത്. അഞ്ച് പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ 400 ഓളം പേര്‍ ഇതിന്റെ ഗുണഭോക്താക്കളാണ്.