കാസര്‍ഗോഡ്: നാലേ മുക്കാല്‍ വര്‍ഷത്തിനിടെ ജില്ലയില്‍ വിതരണം ചെയ്തത് 8210 പട്ടയങ്ങള്‍. ഫെബ്രുവരി 21 നകം 303 പട്ടയങ്ങള്‍ കൂടി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിതരണം ചെയ്ത 8210 പട്ടയങ്ങളില്‍ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം 3895 പട്ടയങ്ങളും 331 മിച്ചഭൂമി പട്ടയങ്ങളും 327 ദേവസ്വം പട്ടയങ്ങളും 3566 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 632 പട്ടയങ്ങളുമാണ് ഇതുവരെ വിതരണം ചെയ്തത്.
ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച പട്ടയമേളകളിലൂടെയായിരുന്നു ഭൂരഹിതര്‍ക്ക് ആശ്വസമായി പട്ടയങ്ങള്‍ വിതരണം ചെയ്തത്. വര്‍ഷങ്ങളായി കൈവശം വച്ച ഭൂമി സ്വന്തമാക്കുന്നവന്റെ സന്തോഷവും സംതൃപ്തിയുമായിരുന്നു ജില്ലയിലെ ഓരോ പട്ടയമേളകളിലും.
കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത് മഞ്ചേശ്വരത്ത്
ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം വിതരണം ചെയ്ത 3895 പട്ടയങ്ങളില്‍ ഏറ്റവും കൂടുതല്‍ നല്‍കിയത് മഞ്ചേശ്വരം താലൂക്കിലാണ്-1111. കാസര്‍കോട് 932, വെള്ളരിക്കുണ്ട് 924, ഹോസ്ദുര്‍ഗ് 928 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ വിതരണം ചെയ്തത്.
‘കൈവശ ഭൂമിക്ക് പട്ടയം’
സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തും വീടുവെച്ചും താമസിക്കുന്ന, മറ്റെവിടെയും ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനായി ആരംഭിച്ച ‘കൈവശ ഭൂമിക്ക് പട്ടയം’ പദ്ധതിയുടെ നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനതലത്തില്‍ തന്നെ 2020 ഒക്ടോബറില്‍ കാസര്‍കോടാണ് ആദ്യമായി പദ്ധതിയ്ക്ക് തുടക്കമിട്ടത്. അക്ഷയകേന്ദ്രങ്ങളിലൂടെ ലഭിച്ച അപേക്ഷകള്‍ താലൂക്ക് തലത്തില്‍ പരിശോധിക്കുകയാണ്. ശേഷം അര്‍ഹരായവര്‍ക്ക് നിയമാനുസൃതമായി ഭൂമി പതിച്ച് നല്‍കും. വര്‍ഷങ്ങളായി ഭൂമി കൈവശം വെച്ചനുഭവിക്കുകയും കേരളത്തില്‍ വേറെ എവിടേയും ഭൂമിയില്ലാതിരിക്കുകയും ചെയ്യുന്ന ആളുകളുടെ അപേക്ഷകള്‍ കാലങ്ങളായി കെട്ടിക്കിടക്കുന്നുവെങ്കില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള അവസരമാണിതെന്നും അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
സ്വന്തം ഭൂമിയില്‍ പുത്തന്‍ പ്രതീക്ഷകളോടെ കൂളിമാവ് കോളനിക്കാര്‍
കോടോം-ബേളൂര്‍ പഞ്ചായത്തിലെ കൂളിമാവ് കോളനിക്കാര്‍ ഇന്ന് പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്ന തിരക്കിലാണ്. വര്‍ഷങ്ങളായി കുടിയവകാശമില്ലാതെ ദുഷ്‌കരമായി ജീവിതം തള്ളിനീക്കിയിരുന്ന കൂളിമാവ് കോളനിവാസികള്‍ക്ക് പട്ടയമേളയിലൂടെ 3.60 ഏക്കര്‍ ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പട്ടികവര്‍ഗ വിഭാഗങ്ങളായ മാവിലന്‍, മലവേട്ടുവ സമുദായങ്ങള്‍ അധിവസിക്കുന്ന ഈ കോളനിയില്‍ 24 കുടുംബങ്ങള്‍ക്കാണ് സ്വന്തം ഭൂമി എന്ന സ്വപനം സാക്ഷാത്കരിച്ചത്.
15 സെന്റ് ഭൂമി വീതമാണ് ഓരോകുടുംബത്തിനും പട്ടയം ലഭിച്ചത്. പട്ടയം ലഭിച്ചതോടെ കോളനിവാസികളുടെ ജീവിതം മാറിത്തുടങ്ങിയെന്ന് എസ് ടി പ്രമോട്ടറായ ശ്രീജ പറഞ്ഞു. ഇപ്പോള്‍ ഇവിടുള്ള കുടുംബങ്ങള്‍ക്കെല്ലാം റേഷന്‍ കാര്‍ഡുകള്‍ ലഭിച്ചു. പട്ടയം ലഭിച്ചതിന് പിന്നാലെ കോളനിയിലെ ലതാ സുരേഷിന് ലൈഫ് മിഷനില്‍ വീടും ലഭിച്ചു. മറ്റ് കുടുംബങ്ങളും ലൈഫില്‍ വീടിനായി അപേക്ഷിച്ചിട്ടുണ്ടെന്നും പ്രമോട്ടര്‍ പറഞ്ഞു.