ആലപ്പുഴ: ജില്ലയിലെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന് മുന്നോടിയായി സംഘടിപ്പിച്ച ഡ്രൈറണ്‍ വെള്ളിയാഴ്ച നേരത്തെ നിശ്ചയിച്ചിരുന്ന വിവിധ ആശുപത്രിയില്‍ സംഘടിപ്പിച്ചു. യഥാര്‍ഥ വാക്സിന്‍ നല്‍കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ റിഹേഴ്സല്‍ ആണ് ജില്ലയില്‍ വിജയകരമായി നടത്തിയത്. ജനറല്‍ ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് റസീന വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ആശുപത്രിയില്‍ പ്രതേകം സജ്ജീകരിച്ചിരുന്ന സ്ഥലത്തെത്തുന്നതിലൂടെയാണ് ഇവിടുത്തെ നടപടിക്രമങ്ങള്‍ ആരംഭിച്ചത്.

ആദ്യം രജിസ്റ്റര്‍ ചെയ്ത സമയത്ത് സമര്‍പ്പിച്ച തിരിച്ചറിയല്‍ രേഖ പരിശോധിക്കാനായി കൗണ്ടറില്‍ നല്‍കി. തുടര്‍ന്ന് കാത്തിരിപ്പു മുറിയില്‍ സാമൂഹിക അകലം പാലിച്ച് ഇരിത്തി. നഴ്സിന്റെ നിര്‍ദ്ദേശ പ്രകാരം വക്സിസിനേഷന്‍ റൂമിലെത്തി നിര്‍ദ്ദേശങ്ങള്‍ കേട്ടതിനു ശേഷം വാക്‌സിന്‍ സ്വീകരിക്കുന്നു. തുടര്‍ന്നു നിരീക്ഷണ മുറിയിലെത്തി അര മണിക്കൂര്‍ ചെലവിട്ടു. ഇതിനിടെ ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ നിരീക്ഷണ മുറിയില്‍ എത്തി റസീനയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം ആശുപത്രിയിലെ മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി വാക്‌സിനുകള്‍ സ്വീകരിക്കുന്നു. ജില്ലയിലെ കോവിഡ് വാക്‌സിന്‍ വിതരണത്തോടനുബന്ധിച്ച് നടന്ന ഡ്രൈ റണ്‍ പ്രോസസിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിച്ചതാണ് റസീന.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ വാക്സിന്‍ ഡ്രൈ റണ്ണില്‍ ജില്ലയിലെ 100 ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു. ആലപ്പുഴ ജനറല്‍ ആശുപത്രി കൂടാതെ ആര്‍.എച്ച്.റ്റി.സി ചെട്ടികാട്, പ്രാഥമികാരോഗ്യകേന്ദ്രം പുറക്കാട്, സേക്രട്ട് ഹാര്‍ട്ട് ജനറല്‍ ആശുപത്രി ചേര്‍ത്തല എന്നീ നാല് കേന്ദ്രങ്ങളിലാണ് ഡ്രൈറണ്‍ നടത്തിയത്. വാക്സിന്‍ വിതരണത്തിനുളള മുന്നൊരുക്കങ്ങള്‍ പ്രായോഗിക തലത്തില്‍ പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനാണ് ഡ്രൈ റണ്‍ സംഘടിപ്പിച്ചത്. ജനറല്‍ ആശുപത്രിയിലെ ഡ്രൈ റണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നേതൃത്വം നല്‍കി. വാക്‌സിന്‍ വിതരണത്തിനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ 18291 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനായി രജിസ്റ്റര്‍ ചെയ്തത്. 501 സെന്ററുകളാണ് ജില്ലയില്‍ വാക്സിനേഷന്‍ സജ്ജീകരിക്കുകയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

വാക്സിന്‍ വിതരണത്തിനായി തയ്യാറാക്കിയ പ്രത്യേക പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും 25 പേരെ വീതം തെരഞ്ഞെടുത്താണ് ഡ്രൈ റണ്‍ നടത്തിയത്. തെരഞ്ഞെടുത്തവരുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ ആദ്യം പരിശോധിക്കുന്നു. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത സമയത്ത് സമര്‍പ്പിച്ച തിരിച്ചറിയല്‍ രേഖ പരിശോധിച്ചതിനു ശേഷം കാത്തിരിപ്പു മുറിയില്‍ സാമൂഹിക അകലം പാലിച്ച് ഇരുത്തുന്നു. തുടര്‍ന്ന് ഊഴം അനുസരിച്ച് വാക്സിനേഷന്‍ റൂമിലേക്ക് ഒരാളെ വീതം പ്രവേശിപ്പിക്കുന്നു. അവിടെ വാക്സിന്‍ എടുക്കുന്നതിന്റെ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നിരീക്ഷണ മുറിയിലേക്ക് അര മണിക്കൂര്‍ ഇരുത്തുന്നു.

ഇത്തരത്തില്‍ വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്കുളള കാത്തിരിപ്പ് മുറി, വാക്സിന്‍ എടുക്കുന്ന വാക്സിനേഷന്‍ മുറി, നിരീക്ഷണത്തിലിരിക്കാനുളള മുറി എന്നിങ്ങനെ മൂന്നു മുറികളാണ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ ക്രമീകരിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ ലഭ്യമാക്കുന്നത്. വിവിധ സെന്ററുകളില്‍ നടന്ന ഡ്രൈ റണ്ണിന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ സുജ പി എസ്, ആലപ്പുഴ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.