Kerala’s Top 50 Policies and Projects-17
വ്യവസായ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമൊപ്പം നടപടിക്രമങ്ങൾ ലഘൂകരിച്ച് മികച്ച വ്യവസായ അന്തരീക്ഷം ഒരുക്കാനും പ്രത്യേക ശ്രദ്ധയാണ് കഴിഞ്ഞ നാല് വർഷമായി സർക്കാർ സ്വീകരിച്ചത്. ഇതിനാവശ്യമായ നയരൂപീകരണവും നിയമനിർമ്മാണവും ഉൾപ്പെടെ സർക്കാർ സ്വീകരിച്ച സുപ്രധാന നേട്ടങ്ങളെക്കുറിച്ചാണ് ഇന്നത്തെ ലേഖനം.
വ്യവസായ സംരംഭങ്ങൾക്ക് ലൈസൻസും അനുമതികളും വേഗത്തിൽ ലഭ്യമാക്കുന്നതിന് സർക്കാർ 2017 ൽ കേരള ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ആന്റ് ഫെസിലിറ്റേഷൻ ഓർഡിനൻസ് കൊണ്ടുവരികയും തുടർന്ന് ഇത് നിയമമാക്കുകയും ചെയ്തു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായങ്ങൾ തുടങ്ങുന്നതിനായി വിവിധ വകുപ്പുകൾ നൽകേണ്ട ലൈസൻസുകളും അനുമതികളും ഓൺലൈനായി കെ-സ്വിഫ്റ്റ് എന്ന ഒറ്റ പോർട്ടലിൽ നിന്ന് നൽകാനുള്ള സംവിധാനം 2019 ഫെബ്രുവരി 11ന് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പോർട്ടലിലൂടെ വ്യവസായങ്ങൾക്ക് ആവശ്യമായ അനുമതി ഇപ്പോൾ സുതാര്യവും സമയബന്ധിതവുമായി വേഗത്തിൽ നേടാൻ സാധിക്കുന്നു. 2020 ഡിസംബർ വരെ 511 സംരംഭകർക്ക് പോർട്ടലിലൂടെ ലൈസൻസുകൾ നൽകാനായത് വ്യവസായ വകുപ്പ് നടത്തുന്ന മികച്ച പ്രവർത്തനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
വൻകിട വ്യവസായങ്ങൾക്കൊപ്പം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ (എം.എസ്.എം.ഇ) വിഭാഗത്തിൽപ്പെടുന്ന വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാനും മികച്ച നയരൂപീകരണമാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയത്.
2019 ൽ കേരള മൈക്രോ സ്‌മോൾ മീഡിയം എന്റർപ്രൈസ് ഫെസിലിറ്റേഷൻ ആക്ട് എന്ന നിയമ നിർമ്മാണം നടത്തി. 10 കോടി രൂപ വരെ മുതൽ മുടക്കുള്ള, മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പ് വിഭാഗത്തിൽ പെടാത്ത, വ്യവസായ സംരഭങ്ങൾക്ക് മൂന്ന് വർഷത്തേക്ക് ലൈസൻസ് വേണ്ട എന്നതാണ് ഈ നിയമത്തിന്റെ സുപ്രധാനമായ വ്യവസ്ഥ.
പുതിയ നിയമം സംസ്ഥാനത്തെ വ്യവസായ രംഗത്തിന് ഊർജ്ജം പകരുന്നതായി മാറിക്കഴിഞ്ഞു.
കെ-സ്വിഫ്റ്റ് പോർട്ടലിലേക്ക് ആവശ്യമായ വിവരങ്ങളും സ്വയം സാക്ഷ്യപ്പെടുത്തലും നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന രസീത് മാത്രം ഉപയോഗിച്ച് പത്തുകോടിയിൽ താഴെ മുതൽമുടക്കുള്ള വ്യവസായങ്ങൾ തുടങ്ങാം. മൂന്ന് വർഷത്തേക്ക് വ്യവസായങ്ങൾക്ക് ലൈസൻസായി ഈ രസീത് ഉപയോഗിക്കാം. മറ്റ് ലൈസൻസുകൾ ഈ കാലയളവിനുള്ളിൽ എടുത്താൽ മതി.
ചെറുകിട വ്യവസായങ്ങളെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു നയം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. 2020 ജനുവരി മുതൽ ഡിസംബർ വരെ മാത്രം 6945 സംരംഭകരാണ് കെ-സ്വിഫ്റ്റിലൂടെ രസീത് സ്വന്തമാക്കിയത്. ഇത് വ്യവസായ വകുപ്പിന്റെയും സർക്കാരിന്റെയും സ്വീകാര്യത വ്യക്തമാക്കുന്നു. വരും കാലത്ത് കൂടുതൽ സംരംഭകർ ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കേരളത്തിലേക്ക് വലിയ നിക്ഷേപങ്ങളുമായെത്തുമെന്ന് പ്രത്യാശിക്കാം.