കൊല്ലം: ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രി, ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളജ്, അഞ്ചല്‍ സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ നടന്ന കോവിഡ് സാങ്കല്പിക വാക്‌സിനേഷന്‍(ഡ്രൈ റണ്‍) വിജയകരമായി. വാക്‌സിനേഷന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ അതേപടി ആവിഷ്‌ക്കരിച്ചാണ്  ഡ്രൈ റണ്‍ നടന്നത്. കാത്തിരിപ്പ് സ്ഥലത്ത് പ്രവേശന കവാടത്തില്‍ കൈകഴുകാനും കൈകള്‍ അണുവിമുക്തമാക്കാനും സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ശാരീരിക അകലം ഉറപ്പാക്കാനായി ആറടി അകലത്തായിരുന്നു ഇരിപ്പിടങ്ങള്‍. ഒരാള്‍ക്ക് മാത്രമാണ് ഒരു സമയം പ്രവേശനം. കോവിഡ് പ്രതിരോധ സംബന്ധമായ അറിയിപ്പുകളും പ്രദര്‍ശിപ്പിച്ചിരുന്നു.

കുത്തിവയ്പ്പ് മുറിയില്‍ സ്വകാര്യത ഉറപ്പാക്കാനായി ഒരു സമയത്ത് ഒരാള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. നാല് ഐസ് പായ്ക്കുകള്‍ വീതം രണ്ടു വാക്‌സിന്‍ കാരിയര്‍ സജ്ജമാക്കി. ആവശ്യത്തിന് വാക്‌സിന്‍ വയലുകളും എ ഡി സിറിഞ്ചുകളും കരുതിയിരുന്നു. ഹാന്‍ഡ് സാനിറ്റൈസര്‍കളും മാസ്‌കുകളും വാക്‌സിന്‍ വയല്‍ ഓപ്പണര്‍, ഹബ്ബ് കട്ടര്‍ തുടങ്ങിയവയും സജ്ജമാക്കി. കുത്തിവയ്പ്പ് സ്‌ക്രീനില്‍ മറച്ച് എ ഇ എഫ് ഐ കോര്‍ണര്‍/അനാഫൈലക്‌സിസ് കിറ്റും ചുവപ്പ് മഞ്ഞനിറത്തിലുള്ള വേയ്സ്റ്റ് ബാഗുകളും നീലനിറമുള്ള പഞ്ചര്‍ പ്രൂഫ് കണ്ടയ്‌നറുകളും തയ്യാറായിരുന്നു.
വാക്‌സിനേഷനും ശേഷം അകലം പാലിച്ച് 30 മിനിറ്റ് വീതം നിരീക്ഷണത്തില്‍ ഇരുത്തിയിരുന്നു.

വാക്‌സിനേഷന്‍ ടീമില്‍ അഞ്ച് തലത്തിലായിരുന്നു ചുമതല. നാല്           വാക്‌സിനേഷന്‍ ഓഫീസര്‍മാരും ഒരു വാക്‌സിനേറ്റര്‍ ഓഫീസറും. കൊല്ലം സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ സെക്യൂരിറ്റി ഓഫീസര്‍മാരായി. വാക്‌സിനേഷന് എത്തുന്നവരെ തിരിച്ചറിയാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും. വാക്‌സിനേഷന്‍ ഇഞ്ചക്ഷന്‍ എടുക്കുന്നതിന് ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ എന്നിവരും നേതൃത്വം നല്‍കി.
നിരീക്ഷണ മുറിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് എന്നിവരും ബോധവത്കരണത്തിന് എത്തി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നേതൃത്വം നല്‍കി.

പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട്, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് രാവിലെ ഒന്‍പതു മുതല്‍ 11 വരെ മൂന്നു കേന്ദ്രങ്ങളിലും വാക്‌സിന്‍  സ്വീകര്‍ത്താക്കളായി എത്തിയത്.
പ്രതിരോധ മരുന്ന് കുത്തിവയ്‌പ്പൊഴികെ വാക്‌സിനേഷന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് പരിമിതികളും വെല്ലുവിളികളും കണ്ടെത്തി പരിഹരിക്കുന്നതിനായി  നടത്തിയ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ച ആരോഗ്യ പ്രവര്‍ത്തകരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അഭിനന്ദിച്ചു.

കൊല്ലം വിക്‌ടോറിയ ആശുപത്രിയില്‍ ജില്ലാ കലക്ര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ ജെ മണികണ്ഠന്‍, ഡി എസ് ഒ ഡോ ആര്‍ സന്ധ്യ,  ആര്‍ സി എച്ച് ഓഫീസര്‍ ഡോ വി കൃഷ്ണവേണി,  എന്‍ എച്ച് എം  ഡി പി എം  ഡോ ഹരികുമാര്‍, ഹോം കെയര്‍ നോഡല്‍ ഓഫീസര്‍ ഡോ കെ ശോഭ,  ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജോണ്‍സണ്‍ മാത്യു, എം സി എച്ച് ഓഫീസര്‍ വസന്തകുമാരി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം നാരായണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഡോ മിനി എസ്. നായര്‍, ആര്‍ എം ഒ ഡോ അനു ജെ.പ്രകാശ്, ഡോ പി ജയ, പി എച്ച് എന്‍. ഷീബ, ജൂനിയര്‍ ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, ജെ പി എച്ച്  എന്‍ റീന തുടങ്ങിയവര്‍ ഡ്രൈ റണ്ണിന് നേതൃത്വം നല്‍കി. മെഡിസിറ്റി മെഡിക്കല്‍ കോളജില്‍ ജില്ലാ ടി ബി ഓഫീസര്‍ ഡോ അനു, പാലത്തറ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹസന്‍, മെഡിസിറ്റി മെഡിക്കല്‍ സൂപ്രണ്ട് ഡോ ഹാഹുല്‍ ഹമീദ്, കോവിഡ് സെല്‍ നോഡല്‍ ഓഫീസര്‍ ഡോ വിന്‍സി നെല്‍സന്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ ബിലാല്‍, ജനറല്‍ മാനേജര്‍ ഹേമന്ദ്, സി എന്‍ ഒ പത്മാവതി എന്നിവര്‍ നേതൃത്വം നല്‍കി
അഞ്ചല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ എസ് രാധാ രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ്  എം മനീഷ് അഞ്ചല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ്  എസ് ബൈജു, വൈസ് പ്രസിഡന്റ് ആനി ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സക്കിര്‍ ഹുസൈന്‍, വാര്‍ഡ് മെമ്പര്‍ ജാസ്മി, പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ ഷാ, ഡോക്ടര്‍മാരായ സനല്‍കുമാര്‍, ഷമീര്‍സാലം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുരളീധരന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.