ഇടുക്കി: പെട്ടിമുടി പുനരധിവാസത്തിന് സാധ്യമായതെല്ലാം സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. മുന്നാറിൽ ദുരന്ത ബാധിതർക്കു ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുൾപ്പെടെയുള്ള ജനപ്രതിനിധികളുടെ കൂടിയാലോചനയുടെയും ഫലമായി പുനരധിവാസം വേഗത്തിലാക്കിയുള്ള പ്രവർത്തനം നടന്ന് വരികയാണ്. ഇവരുടെ ഭവന നിർമാണം പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ദുരന്തമുണ്ടായപ്പോൾ ആധുനിക കാലഘട്ടത്തിന്റെ എല്ലാ വിധ സാധ്യതകളും ഉപയോഗപ്പെടുത്തി. ദുരന്ത മേഖലയിലെ മികച്ച ഇടപെടലുകൾക്ക് ജില്ലാ ഭരണകൂടത്തെയും ജില്ലയിലെ ജനപ്രതിനിധികളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

ജില്ലാ ഭരണകൂടവും താഴെയുള്ള എല്ലാ ഉദ്യോഗസ്ഥരും ഏകോപന മനസ്സോടെ പ്രവർത്തിച്ചുവെന്നും ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും യോഗത്തിന് അധ്യക്ഷത വഹിച്ചു വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു. ദുരന്തത്തിനിരയായ ആദ്യത്തെ പത്തു കുടുംബങ്ങൾക്ക് വേദിയിൽ ധനസഹായം നൽകി. ഇവരുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചു അതിന്റെ രസീത് ആണ് ചടങ്ങിൽ നൽകിയത്. ഗസറ്റ് നോട്ടിഫിക്കേഷൻ വന്നിട്ടുള്ള 39 പേരുടെ അവകാശികളായ 81 പേർക്കായി ഒരു കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപയാണ് വിതരണം ചെയ്തത്.

പെട്ടിമുടി ദുരന്ത ബാധിതർക്ക് മന്ത്രി ഇ ചന്ദ്രശേഖരൻ ധനസഹായം വിതരണം ചെയ്യുന്നു

മൂന്നാർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ് രാജേന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ എം ഭവ്യ, സി രാജേന്ദ്രൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ആനന്ദറാണി ദാസ്, എം മണിമൊഴി, കവിത കുമാർ, ജില്ലാ കളക്ടർ എച്ച് ദിനേശൻ, സബ് കളക്ടർ പ്രേം കൃഷ്ണൻ തുടങ്ങിയവരും ത്രിതല പഞ്ചായത്ത്‌ പ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.