പ്രളയനാന്തര ഇടുക്കിയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. മൂന്നാർ പെരിയവരൈ പാലത്തിൻ്റെയും നവീകരിച്ച മൂന്നാർ റെസ്റ്റ് ഹൗസിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ മേഖലകളിലും പൊതുമരാമത്തിന്റെ വികസനത്തിനുമായി നടത്തുന്ന പ്രവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമവുമാണെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിന്റെ പ്രത്യേക ഇടപെടലുകൾ കൊണ്ടാണ് പാലം പണി വേഗത്തിൽ നടപ്പിലാക്കാൻ സാധിച്ചതെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു. റസ്റ്റ് ഹൗസിന്റെ നവീകരണം ടൂറിസം വികസനത്തിന് ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു.
ദേവികുളം നിയോജക മണ്ഡലത്തിൽ 2019-20 ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയാണ് മൂന്നാർ മറയൂർ റോഡിൽ കന്നിമലയാറിന് കുറുകെ പെരിയവ രൈ പാലം നിർമാണവും മൂന്നാർ റസ്റ്റ് ഹൗസ് നവീകരണവും പൂർത്തിയാക്കിയത്. നാലു കോടി മുപ്പത്തൊന്നു ലക്ഷത്തി മുപ്പത്തൊമ്പത്തിനായിരം രൂപയാണ് പാലത്തിന്റെ നിർമാണത്തിന്റെ ചിലവായത്. പാലത്തിന് 19.6 32 മീറ്ററിന് രണ്ട് പാനലുകളിലായി ആകെ 38.4 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയുടെ കൂടി ആകെ 11.5 മീറ്റർ വീതിയുമാണുള്ളത്. ഡിസൈൻ പ്രകാരം പൈൽ ഫൗണ്ടേഷനിലാണ് പാലം നിർമ്മാണം പൂർത്തികരിച്ചിരിക്കുന്നത് കൂടാതെ മൂന്നാർ ഭാഗത്ത് 40 മീറ്ററും മറയൂർ ഭാഗത്ത് 238 മീറ്ററും അപ്രോച്ച് റോഡ് ബിഎംബിസി നിലവാരത്തിൽ നിർമിച്ചിട്ടുണ്ട്. താൽക്കാലിക പാലം പൊളിച്ചുനീക്കി നദിയിലെ നീരൊഴുക്ക് പുഴയുടെ ഒഴുക്ക് സുഗമമാക്കിയിട്ടുണ്ട്
പത്തു മുറികൾ, ഡോർമിട്ടറി, കാന്റീൻ തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയാണ് റസ്റ്റ് ഹൗസ് നവീകരിച്ചത്.
നവീകരിച്ച മൂന്നാർ റസ്റ്റ് ഹൗസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ് രാജേന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് മെമ്പർ എം ഭവ്യ,ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി, തുടങ്ങിയവരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.