കോട്ടയം : ഏഴാമത് സാമ്പത്തിക സെന്‍സസിന്‍റെ ഭാഗമായി ഇക്കണോമിക്‌സ് ആന്‍റ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു വരുന്ന വിവരശേഖരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും വിവരശേഖരണത്തിനായാണ് സെന്‍സസ് നടത്തുന്നത്. നടപടികളുടെ സുതാര്യത സംബന്ധിച്ച് ചില മേഖലകളിലെ ജനങ്ങള്‍
ആശങ്ക അറിയിച്ച സാഹചര്യത്തില്‍ ജില്ലാതല യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും നിര്‍ദ്ദിഷ്ഠ ഫോറം അടിസ്ഥാനമാക്കി മാത്രമാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. വിവരശേഖരണം സുഗമമായി പൂര്‍ത്തീകരിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തവുമുണ്ട്.

കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിര്‍വ്വഹണ മന്ത്രാലയത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന്‍റെ ഇക്കണോമിക്‌സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് സംസ്ഥാനത്ത് വിവരശേഖരണം ഏകോപിപ്പിക്കുന്നത്. സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറിയും ജില്ലകളില്‍ കളക്ടര്‍മാരും അധ്യക്ഷരായുള്ള കമ്മിറ്റികള്‍ക്കാണ് മേല്‍നോട്ടച്ചുമതല.

ഇ- ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് എന്ന ഏജന്‍സിയുടെ കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്‍ററുകളെയാണ് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ളത്. ഇക്കണോമിക്‌സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഇന്‍വെസ്റ്റിഗേറ്റര്‍മാരും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥരും ഫീല്‍ഡ് തല സൂപ്പര്‍വൈസര്‍മാരായി പ്രവര്‍ത്തിച്ചുവരുന്നു.

വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നേരിട്ടെത്തി ഷെഡ്യൂള്‍ 7.0 എന്ന ഫോറത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ആദ്യത്തെ പത്ത് ചോദ്യങ്ങള്‍ വീടുകളുടെ അടിസ്ഥാന വിവരങ്ങളുമായി ബന്ധപ്പെട്ടവയാണ്.

സംസ്ഥാനം, ജില്ല, താലൂക്ക്, ടൗണ്‍ അല്ലെങ്കില്‍ പഞ്ചായത്ത്, വിലാസം, താമസ സ്ഥലം, കെട്ടിട നമ്പര്‍, കെട്ടിടത്തിന്‍റെ ഉപയോഗം(താമസം അല്ലെങ്കില്‍ വാണിജ്യ ആവശ്യം), ഗൃഹനാഥന്‍റെ പേര്, ഗൃഹനാഥന്‍റെയോ കുടുംബാംഗങ്ങളില്‍ ഒരാളുടെയോ മൊബൈല്‍ നമ്പര്‍, കുടുംബാംഗങ്ങളുടെ എണ്ണം, കുടുംബത്തിലെ സംരംഭകരുടെ വിവരം, ഭവന കേന്ദ്രീകൃത സംരംഭങ്ങളുടെ എണ്ണം എന്നിവയാണ് ഈ പത്തു ചോദ്യങ്ങളിലും ഉപവിഭാഗങ്ങളിലുമായി ഉള്‍പ്പെടുന്നത്.

സംരംഭങ്ങള്‍ ഉള്ളവരില്‍നിന്നു മാത്രമാണ് ഫോറത്തിലെ തുടര്‍ന്നുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ശേഖരിക്കുക. സംരംഭങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ ഘട്ടത്തില്‍ ജനങ്ങള്‍ നല്‍കേണ്ടത്. സംരംഭത്തിന്‍റെ സ്വഭാവം, വിശദാംശങ്ങള്‍, ഉടമയുടെ വ്യക്തിവിവരങ്ങള്‍, സംരംഭത്തിന്‍റെ പങ്കാളിത്ത പശ്ചാത്തലം, തൊഴിലാളികളുടെ വിശദാംശങ്ങള്‍, വാര്‍ഷിക വരുമാനം, മറ്റു സ്ഥാപനങ്ങള്‍, ശാഖകള്‍, മുതല്‍ മുടക്കിന്‍റെ സ്രോതസ് തുടങ്ങി എഴുപതോളം ചോദ്യങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.

സാമ്പത്തിക സെന്‍സസിന്‍റെ സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
രാജ്യത്തിന്‍റെ പുരോഗതിക്കായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനു വേണ്ടിയുള്ള വിവര ശേഖരണത്തില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അഭ്യൂഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.