മലപ്പുറം:പരിശോധന ജനുവരി രണ്ടാം വാരം മുതല്‍
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വിദ്യഭ്യാസ സ്ഥാപനങ്ങളെയും ഹരിത ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഹരിത ഓഫീസ് പദവിയിലേക്കുയര്‍ത്തുന്നു. നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന പൂര്‍ത്തിയാക്കി ജില്ലയിലെ 1200 ഓളം  സ്ഥാപനങ്ങളെ ഹരിത ഓഫീസ് പദവിയിലെത്തിക്കുകയാണ് ലക്ഷ്യം.
ജനുവരി 26 ന് നടക്കുന്ന  മുഖ്യമന്ത്രിയുടെ പതിനായിരം  സര്‍ക്കാര്‍ ഓഫീസുകളുടെ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് നടപടി.
ജില്ലാതലത്തില്‍ രൂപീകരിക്കുന്ന പരിശോധന സമിതികള്‍ ജില്ലാതല സ്ഥാപനങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ കാര്യാലയങ്ങളിലും പരിശോധന നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍പ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നത് അതത് തദ്ദേശ സ്ഥാപനങ്ങളില്‍ രൂപീകരിക്കുന്ന പരിശോധനാ സമിതിയാണ്. പരിശോധനയുടെ അടിസ്ഥാനത്തില്‍ 90 മുതല്‍ 100 വരെ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് എ ഗ്രേഡും, 80  മുതല്‍ 89  വരെ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് ബി ഗ്രേഡും,  70 മുതല്‍ 79 വരെ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് സി ഗ്രേഡും നല്‍കും. 70ല്‍ കുറവുള്ള സ്ഥാപനങ്ങള്‍ക്ക് 15 ദിവസം അനുവദിച്ച ശേഷം പുന:പരിശോധന നടത്തും.
ഹരിതഓഫീസ് പദവി നേടുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും കൂടുതല്‍   മികവ് പുലര്‍ത്തുന്ന   സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡും നല്‍കും.
ഹരിത ചട്ടങ്ങളുടെ പാലനം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനവും ബദല്‍ രീതികളും, ഊര്‍ജസംരക്ഷണം, ജലസംരക്ഷണം, ജൈവ- അജൈവ മാലിന്യങ്ങളുടെ സംസ്‌കരണം, പൊതു ശുചിത്വം എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിശോധന. പരിശോധനകള്‍ ജനുവരി രണ്ടാം വാരം മുതല്‍ തുടങ്ങും. ഹരിത കേരളം മിഷനും ശുചിത്വ മിഷനുമാണ് പരിശോധനയുടെ ഏകോപനം ജില്ലയില്‍  നിര്‍വഹിക്കുന്നത്.