പാലക്കാട്:  മലമ്പുഴ വാരണി പാലത്തിന്റെ അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കാൻ മലമ്പുഴ നിയോജക മണ്ഡലത്തിലെ എം.എൽ.എ ഫണ്ട് വിനിയോഗ അവലോകന യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായി. അപകടാവസ്ഥയിലായ വാരണി പാലത്തിന്റെ അറ്റകുറ്റ പ്രവർത്തികൾക്കായി 9 ലക്ഷം രൂപയാണ് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുള്ളത്.
സാങ്കേതിക അനുമതി ലഭിച്ചാൽ ഫെബ്രുവരി 15 ഓടെ പണികൾ ആരംഭിക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ പാലം വഴി ചെറിയ വാഹനങ്ങൾ കടത്തിവിടാൻ ആകുമെന്ന് യോഗം വിലയിരുത്തി. അതോടൊപ്പം പുതിയ പാലം നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്നും അവലോകന യോഗത്തിൽ തീരുമാനമായി. പുതിയ പാലം നിർമ്മാണത്തിനായി 2.25 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 4.6 കോടി രൂപ പാലം പൂർത്തിയാക്കാൻ ആവശ്യമാണെന്നും യോഗം വിലയിരുത്തി.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി പൂർത്തിയാക്കാനുള്ള റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ ആവശ്യപ്പെട്ടു. എലപ്പുള്ളി- എണ്ണപ്പാടം റോഡ് നിർമ്മാണത്തിനാവശ്യമായ അനുമതി കൃഷി വകുപ്പിൽ നിന്ന് ലഭ്യമാക്കുന്നതിനായി കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ കർഷകരുമായി ജനുവരി 18 ന് യോഗം ചേരുമെന്ന് ബന്ധപ്പെട്ട എഞ്ചിനീയർ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദൻ എം.എൽ.എ കൃഷി വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ധോണി- ചെറാട് റോഡിൽ ഫ്ലിക്കറിങ് ലൈറ്റ് സ്ഥാപിക്കൽ നടപടി പൂർത്തിയായതായി കെ.എസ്.ഇ.ബി കൽപ്പാത്തി സെക്ഷൻ അസി. എഞ്ചിനീയർ അറിയിച്ചു. കാവിൽപ്പാട്- ടിപ്പുസുൽത്താൻ റോഡ് നിർമ്മാണം വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി.
പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ ഹൈവേയിലെ ഉൾപ്പെട്ട രണ്ട് പ്രധാന ജംങ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പുതുപ്പരിയാരം ഡിവിഷൻ അംഗം ആവശ്യപ്പെട്ടു.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.കെ ജയപ്രകാശ്, പത്മിനി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പിള്ളി, വി.എസ് അച്യുതാനന്ദൻ എം.എൽ.എയുടെ പി. എ. എൻ. അനിൽകുമാർ, ശശിധരൻ, എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അനീഷ്, മലമ്പുഴ ബി.ഡി.ഓ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുത്തു.