ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരവാസികളുടെ ദീര്‍ഘനാളായുള്ള കാത്തിരുപ്പിന് വിരാമമിട്ട് കൈപ്പാലക്കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ഏറെ നാളത്തെ ആവശ്യമായിരുന്നു നഗരത്തിലെ കാര്‍ഷിക മേഖലകളായ ഇടനാട് -മംഗലം കരകളെ ബന്ധിപ്പിച്ച് കൊണ്ട് വരട്ടാറിന് കുറുകെയുള്ള പാലം. 12 കോടി രൂപ വകയിരുത്തിയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

പാലത്തിന്റെ നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പ് ഒന്‍പത് കോടി രൂപയും സ്ഥലം ഏറ്റെടുക്കുന്നതിനായി മൂന്ന് കോടി രൂപയും അനുവദിച്ചതിനെ തുടര്‍ന്ന് 2018ല്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരനാണ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത്. 7.50 മീറ്റര്‍ വീതിയുള്ള ക്യാരേജ് വേയും 1.50 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമുള്ള നടപ്പാതയും ഉള്‍പ്പെടെ 11 മീറ്ററാണ് പാലത്തിന്റെ വീതി. 131.20 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. ഒരു ബൈപ്പാസിന്റെ ഗുണമാണ് കൈപ്പാലക്കടവ് പാലം തുറക്കുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നത്. ചെങ്ങന്നൂരില്‍ നഗരത്തിലെ ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകും. എംസി റോഡില്‍ തിരുവല്ല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ചെങ്ങന്നൂര്‍ ടൗണില്‍ പ്രവേശിക്കാതെ കല്ലിശ്ശേരിയില്‍ നിന്നും തിരിഞ്ഞ് മംഗലം കൈപ്പാലക്കടവ് പാലം കടന്ന് ഇടനാട് പുത്തന്‍കാവ് വഴി എം.സി റോഡില്‍ മുളക്കുഴ സെഞ്ച്വറി ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ എത്താന്‍ കഴിയും.

തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ക്കും ഈ വഴി ഉപയോഗിക്കാന്‍ സാധിക്കും. കോഴഞ്ചേരി, പത്തനംതിട്ട ഭാഗത്തേക്ക് പോകുന്നവര്‍ക്കും പാലം ഉപയോഗപ്പെടുത്തുന്നതോടെ വളരെ ദൂരം ലാഭിക്കാം. പാലത്തിന്റെ അവസാന വട്ട പണികളും ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞതായി പൊതുമരാമത്ത് വിഭാഗം അറിയിച്ചു.