തൃശ്ശൂർ:   കേരള റിസർവോയർ ഡെവലപ്മെന്റ് സ്കീമിന്റെ ഭാഗമായി വാഴാനി അണക്കെട്ടിൽ 76,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കേരളത്തിലെ അണക്കെട്ടുകളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് ഫിഷറീസ് വകുപ്പ് നടത്തിവരുന്ന പദ്ധതിയാണ് കേരള റിസർവോയർ ഡെവലപ്മെന്റ് സ്കീം. സ്കീമിന്റെ 2020-21ലെ പരിപാടിയായാണ് നാടൻ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം വാഴാനി അണക്കെട്ടിൽ നടത്തിയത്.

മഞ്ഞക്കൂരി, നാടൻ കൂരി, തൂളി, പച്ചിലവെട്ടി എന്നീ ഇനം മത്സ്യങ്ങളാണ് അണക്കെട്ടിൽ നിക്ഷേപിച്ചത്.
നിക്ഷേപ പരിപാടി അനിൽ അക്കര എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വി എസ് ബഷീറിന്റെ നേതൃത്വത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടതിനെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും നടന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ്, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഉമ ലക്ഷ്മി, വാഴാനി ഫിഷറീസ് ഓഫീസർ പി കെ ഷിബു കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ പി എസ് വിനയൻ, ബ്ലോക്ക് മെമ്പർ ശ്രീജ, പഞ്ചായത്ത് മെമ്പർ ഷൈനി ജേക്കബ്, വാഴാനി സൊസൈറ്റി പ്രസിഡന്റ് ഗംഗാധരൻ എന്നിവർ പങ്കെടുത്തു.