ഇടുക്കി: 2021-22 സാമ്പത്തിക വര്‍ഷത്തേക്കുളള വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിനായി സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വന്നതോടെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ഇടുക്കി ജില്ലയിലെ തദ്ദേശഭരണസ്ഥാപന അദ്ധ്യക്ഷന്മാരുടെ യോഗം ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നാളെ (ജനുവരി 19) ചേരും. തദ്ദേശഭരണസ്ഥാപനങ്ങള്‍ ഫെബ്രുവരി 12 നകം ഗ്രാമസഭകള്‍ പൂര്‍ത്തിയാക്കി 23 നകം വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണം. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് ചേരുന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉത്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അദ്ധ്യക്ഷനായിരിക്കും.

തദ്ദേശഭരണസ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍ക്കു പുറമെ സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട ജില്ലാ പദ്ധതിയിലെ നിര്‍ദ്ദേശങ്ങളും തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്ന സംയുക്ത പ്രോജക്ടുകളെക്കുറച്ചും യോഗത്തില്‍ ധാരണയാകും. നടപ്പു വാര്‍ഷിക പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി അവലോകനം ചെയ്യും. ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്ക് പുറമേ ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ്, കുടുംബശ്രീ, ശുചിത്വമിഷന്‍, ജലശക്തി അഭിയാന്‍ എന്നീ മിഷനുകളുടെ പ്രവര്‍ത്തനങ്ങളുടെ അവതരണവും വിലയിരുത്തലും ഒപ്പം നടക്കും. ജില്ലയില്‍ നടന്നു വരുന്ന വികേന്ദ്രീകൃതാസൂത്രണ റൗണ്ട് സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിനുളള നടപടിയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.