വയനാട്: ജില്ലയിലെ അര്‍ഹരായ മുഴുവന്‍ കുട്ടികളേയും പത്താം തരം, ഹയര്‍സെക്കന്‍ഡറി പരീക്ഷക്ക് തയ്യാറാക്കുന്നതിന് ജില്ലാഭരണ കൂടവും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും വിവിധ വകുപ്പുകളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തദ്ദേശ സ്ഥാപനമേധാവികള്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാര്‍ വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍, പ്രിന്‍സിപ്പാള്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, നോഡല്‍ ടീച്ചര്‍മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് തീരുമാനം.
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പൊതുപരീക്ഷയെഴുതുന്ന 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളക്ക് ജനുവരി മാസം മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ സംശയനിവാരണത്തിനും റിവിഷന്‍, പ്രാക്റ്റിക്കല്‍ ക്ലാസ്സുകള്‍ക്കുമായി സ്‌ക്കൂളുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും ജില്ലയിലെ മുഴുവന്‍ ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സംയുക്ത ഇടപെടല്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി പൊതുപരീക്ഷയുടെ സിലബസ് സംബന്ധിച്ച് രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടെയും ആശങ്കയകറ്റും വിധം ഫോക്കസ് ഏരിയ-മാതൃക പരീക്ഷ എന്നിവ സംബന്ധിച്ച് വ്യക്തത വരുത്തി കുട്ടികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് അവരെ പരീക്ഷക്കൊരുക്കുന്ന നടപടികള്‍ സ്വീകരിക്കും.
മുഴുവന്‍ ഗോത്രവിദ്യാര്‍ത്ഥികളെയും പൊതുപരീക്ഷക്ക് തയ്യാറെടുപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും വിവിധ വകുപ്പുകളും കൂട്ടായ ഇടപെടല്‍ നടത്തണമെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളള നിര്‍ദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, കുടുംബശ്രീ. ട്രൈബല്‍ ആനിമേറ്റര്‍മാര്‍ മെന്‍ഡര്‍ ടീച്ചര്‍മാര്‍,പോലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്താം. സ്‌കൂളില്‍ നിന്നും ഭക്ഷണം നല്‍കാത്ത കാരണത്താല്‍ സ്‌ക്കൂളിലെത്താത്ത കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പാക്കും. സ്‌കൂളില്‍ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇടപെടും.
ഗോത്രസാരഥി പദ്ധതി മുന്‍വര്‍ഷത്തെ രീതിയില്‍ നടത്തുന്നതിന് തടസ്സമില്ലെന്ന് പട്ടികവര്‍ഗ്ഗ വകുപ്പ് ഉദേ്യാഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. ആവശ്യമുളള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന സ്‌ക്കൂളിനടുത്തുളള പ്രീ-മെട്രിക് ഹോസ്റ്റല്‍ സൗകര്യവും പ്രയോജനപ്പെടുത്താം. പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുളള പ്രതേ്യക പഠന ക്യാമ്പുകള്‍ അനുമതി ലഭിക്കുന്ന മുറക്ക് ഈ വര്‍ഷവും തന്നെ തുടങ്ങും. കുട്ടികള്‍ക്കുളള പ്രതേ്യക പഠനക്യാമ്പുകള്‍ക്കായി ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന വിജയജ്വാല, ഗോത്രജ്വാല പദ്ധതികള്‍ ഈ വര്‍ഷവും നടപ്പാക്കുമെന്ന് ജില്ലാപഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികള്‍ക്ക് മാനസിക പിന്തുണയും ആത്മവിശ്വാസവും ആഹ്ലാദവും നല്‍കുന്നതിനുളള ശ്രമങ്ങള്‍ വിദ്യാലയാടിസ്ഥാനത്തില്‍ നടത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ വിദ്യഭ്യാസ ഉപഡയറക്ടര്‍ കെ.വി. ലീല, ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ജില്ലാപഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു, പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ബത്തേരി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍,. സി. ഇസ്മയില്‍, ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ എം.കെ. ഉഷാദേവി തുടങ്ങിയവര്‍ സംസാരിച്ചു.