പാലക്കാട്: കോവിഡിനെ തുടര്ന്നുണ്ടായ ലോക്ക്ഡൗണ് കാലത്ത് വിദ്യാര്ത്ഥികളില് നിന്നും സ്വാശ്രയ കോളേജുകള് ഫീസ് ഈടാക്കുന്ന കാര്യം സംസ്ഥാന സര്ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തുമെന്ന് യുവജന കമ്മീഷന് അറിയിച്ചു. റഗുലര് ക്ലാസ്സുകള് ഇല്ലാതിരിക്കുന്ന സാഹചര്യത്തിലും സ്വാശ്രയ കോളേജുകള് ഫീസിളവ് നല്കാതെ സാധാരണ ഫീസ് വാങ്ങുന്നു എന്ന പരാതിയെതുടര്ന്നാണ് കമ്മീഷന്റെ തീരുമാനം. ജില്ലയിലെ ഒരു സ്വാശ്രയ കോളേജിലെ വിദ്യാര്ഥികള് യുവജന കമ്മീഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ജില്ലയിലെ പരാതി ഒത്തുതീര്പ്പാക്കിയെങ്കിലും സംസ്ഥാന തലത്തില് എല്ലാ സ്വാശ്രയ കോളേജുകളിലും കൊവിഡ് കാലത്ത് ഫീസ് ഇളവ് നല്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷന് സംസ്ഥാന സര്ക്കാരിലേക്ക് ശുപാര്ശ ചെയ്യുന്നത്.
16 പരാതികളാണ് അദാലത്തില് ലഭിച്ചത്. ഏഴ് പരാതികള് പരിഹരിച്ചു. എതിര്കക്ഷികള് ഹാജരാകാതിരുന്നതിനാല് ഒന്പത് പരാതികള് മാറ്റിവെച്ചു. പുതുതായി 8 പരാതികള് ലഭിച്ചു.
കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന അദാലത്തില് യുവജന കമ്മീഷന് അംഗങ്ങളായ അഡ്വക്കേറ്റ് റ്റി. മഹേഷ്, പി.പി സുമോദ്, ഡോ. പ്രിന്സി കുര്യാക്കോസ്, പി. മുബഷീര്, അസിസ്റ്റന്റ് എന്.എം സരിത കുമാരി, അഡ്വക്കേറ്റ് എം രന്ദീഷ് എന്നിവര് പങ്കെടുത്തു.