പാലക്കാട്:  ഭാരതീയ ചികിത്സ വകുപ്പിന്റെ ആഭിമുഖ്യത്തില് ജില്ലയില് പകര്ച്ചവ്യാധി പ്രതിരോധം, ആയുര്വേദ ആശുപത്രി കെട്ടിടങ്ങളുടെ നവീകരണം, വനിതാ- ശിശു- കൗമാര വിഭാഗക്കാര്ക്കായുള്ള പദ്ധതികളാണ് നടത്തിവരുന്നത്. നിയോജക മണ്ഡലാടിസ്ഥാനത്തില് പകര്ച്ചവ്യാധി പ്രതിരോധ യജ്ഞ പ്രവര്ത്തനങ്ങള് ജില്ലയില് പുരോഗമിച്ച് വരികയാണ്. ആയുഷ് മിഷന് മുഖേന വിവിധ തസ്തികകള് സൃഷ്ടിക്കുകയും കടമ്പഴിപ്പുറം ആയുര്വേദ ഡിസ്പെന്സറി കെട്ടിടം നിര്മിച്ചതിന് പുറമെ ഒറ്റപ്പാലം ഗവ. ആയുര്വേദ ആശുപത്രിയില് 40 ലക്ഷം ചെലവില് പേ-വാര്ഡ് നിര്മാണവും നവീകരണ പ്രവൃത്തികളും 50 ലക്ഷം ചെലവില് ഒ പി ബ്ലോക്ക് നിര്മാണവും പൂര്ത്തിയാക്കി.
ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളില് കരള് രോഗബാധിതരുടെ ചികിത്സയ്ക്കായി കരള് രോഗമുക്തി പദ്ധതി നടപ്പാക്കി. ജില്ലാ ആയുര്വേദ ആശുപത്രി കേന്ദ്രീകരിച്ച് ശിശു-ബാല രോഗ ചികിത്സയ്ക്കായി കൗമാര ഭൃത്യം പദ്ധതി, പൊതുജനങ്ങള്ക്കായി യോഗ യൂണിറ്റ്, സ്ത്രീ രോഗ/ഗര്ഭിണി ചികിത്സയ്ക്കായി പ്രസൂതി തന്ത്രം പദ്ധതി, സ്പോര്ട്സ് റിസര്ച്ച് സെല്ലിന്റെ ഒരു യൂണിറ്റ് എന്നിവ ആരംഭിച്ചു. ചളവറയില് ജീവിത ശൈലി രോഗ ചികിത്സയ്ക്കുള്ള ആയുഷ്യം പദ്ധതി ആരംഭിച്ചു. അട്ടപ്പാടി മേഖലയില് ആദിവാസി ശിശുമരണം തടയുക ലക്ഷ്യമിട്ട് ക്ഷേമ ജനനി പദ്ധതിയും ജില്ലയില് നടപ്പാക്കി.