പാലക്കാട് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെയും മഹിളാ ശക്തി കേന്ദ്രയുടെയും നേതൃത്വത്തില് പാലക്കാട് കലക്ടറേറ്റ് അങ്കണത്തില് സംഘടിപ്പിച്ച ബാലിക ദിനാഘോഷം ജില്ലാ കലക്ടര് മൃണ്മയി ജോഷി ശശാങ്ക് ഉദ്ഘാടനം ചെയ്തു.
‘കുറയുന്ന ലിംഗനുപാതവും ശൈശവ വിവാഹ നിരോധന നിയമവും’ എന്ന വിഷയത്തില് ജില്ലാ കലക്ടര് സംസാരിച്ചു. പെണ്കുട്ടികള്ക്ക് തുല്യ പരിഗണന നല്കാന് കുടുംബങ്ങളില് മാതാപിതാക്കളും മുതിര്ന്നവരും പ്രത്യേക ശ്രദ്ധ നല്കണമെന്നും ‘അരുത്’ പറയേണ്ട ഇടങ്ങളില് ധൈര്യത്തോടെ അത് പറയാനും പ്രതികരിക്കാനും പെണ്കുട്ടികള്ക്ക് കഴിയണമെന്നും ജില്ലാ കലക്ടര് പറഞ്ഞു.
കൊപ്പം വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിലെ വിദ്യാര്ഥികള് ഉണ്ടാക്കിയ കരകൗശല വസ്തുക്കളുടെ പ്രദര്ശനവും വിപണനവും ബാലികാ ദിനാചാരണത്തോടനുബന്ധിച്ച് നടന്നു. ചിറ്റിലഞ്ചേരി സ്വദേശിയും കലാകാരനുമായ സൂരജ് ബാബു ‘പ്ലെയിന് എയര് ആര്ട്ട്’ നടത്തി. ‘പെണ്കുട്ടികളുടെ സ്വപ്നങ്ങളും സ്വാതന്ത്ര്യവും’ ആസ്പദമാക്കിയാണ് സൂരജ് ചിത്രം വരച്ചത്. ‘കുറയുന്ന ലിംഗാനുപാതം’ എന്ന വിഷയത്തില് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഓരോരുത്തരും മാര്ഗ്ഗനിര്ദ്ദേശങ്ങള് ഓപ്പണ് കമന്റ് വാളിലേക്ക് അഭിപ്രായം രേഖപ്പെടുത്തി.
എ.ഡി.എം. ആര്.പി. സുരേഷ്, ജില്ലാ മെഡിക്കല് ഓഫീസര് കെ.പി. റീത്ത, വനിതാ ശിശു വികസന ഓഫീസര് പി. മീര, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസര് എസ്. ശുഭ എന്നിവര് സംസാരിച്ചു. വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരും അങ്കണവാടി പ്രവര്ത്തകരും സിവില് സ്റ്റേഷനിലെ ജീവനക്കാരും, മഹിള ശക്തി കേന്ദ്ര ജീവനക്കാര് പരിപാടിയില് പങ്കെടുത്തു.