ജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ഫെബ്രുവരി 1 മുതൽ 18 വരെ സാന്ത്വന സ്പർശം എന്ന പേരിൽ അദാലത്തുകൾ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകൾക്കുള്ള ഫീസ് സർക്കാർ നൽകും. നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. സാന്ത്വന സ്പർശത്തിന്റെ പ്രധാന ചുമതല കലക്ടർമാർക്കായിരിക്കും. അവരെ സഹായിക്കുന്നതിന് സെക്രട്ടറിമാരെയും ജില്ലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെൽ കാര്യക്ഷമമായി പരാതികൾക്ക് പരിഹാരം കാണന്നുണ്ട്. ഇതുവരെ ലഭിച്ച 3,21,049 പരാതികളിൽ 2,72,441 എണ്ണം തീർപ്പാക്കി. സിഎം പോർട്ടലിൽ 5,74,220 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 34,778 എണ്ണമാണ് തീർപ്പാക്കാനുള്ളത്. ഇതിനെല്ലാമുപരി പരാതികൾ പൊതുജനങ്ങൾക്കുണ്ടെങ്കിൽ ഉന്നതതലത്തിൽ നേരിട്ട് പരിഹരിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് ‘സാന്ത്വന സ്പർശം’ സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.