ഇടുക്കി: കുഷ്ഠരോഗത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനും, കുഷ്ഠരോഗികളോടുളള അവജ്ഞ ഒഴിവാക്കുന്നതിനുമായി കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം (സ്പര്‍ശ് 2021) ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ ജില്ലയില്‍ നടത്തും. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി 30ന് രാവിലെ 10 മണിക്ക് കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിന പ്രതിജ്ഞ ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്ത് ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. പ്രിയ എന്‍. നിര്‍വ്വഹിക്കും. ജില്ലാ ലെപ്രസി ആഫീസര്‍ ഡോ. ജോബിന്‍ ജി. ജോസഫ് വിഷയാവതരണം നടത്തും
.
ജില്ലയിലെ എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വിവിധ പരിപാടികള്‍ നടത്തും. പ്രോഗ്രാമിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹിക നീതി വകുപ്പ്, പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയെ ഉള്‍പ്പെടുത്തി ഇന്റര്‍സെക്ടര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രോഗ്രാമുകള്‍ നടത്തുന്നു. പഞ്ചായത്തുകളിലെ വാര്‍ഡുകള്‍തോറും ബോധവത്ക്കരണ ക്ലാസ്സുകള്‍, സ്‌കൂള്‍, കോളേജ് കുട്ടികള്‍ക്കായി ക്വിസ്സ് പ്രോഗ്രാം, ഉപന്യാസ രചന, ചിത്ര രചന എന്നിവ സംഘടിപ്പിക്കുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു.

♦️രോഗലക്ഷണങ്ങള്‍♦️

കുഷ്ഠരോഗികളെ രോഗാവസ്ഥയുടെ തുടക്കത്തിലെ ചികിത്സിച്ചാല്‍ അംഗവൈകല്യം പൂര്‍ണ്ണമായി ഒഴിവാക്കാനും രോഗപ്പകര്‍ച്ചാ നിരക്ക് ഗണ്യമായി കുറയ്ക്കാനും സാധിക്കുന്നതാണ്. തൊലിപ്പുറത്ത് ഉണ്ടാകുന്ന നിറം മങ്ങിയതോ, അല്പം ചുവന്നതോ ആയ സ്പര്‍ശനശേഷി കുറഞ്ഞതോ, ഇല്ലാത്തതോ ആയ പാടുകളോ, തടിപ്പുകളോ കുഷ്ഠരോഗത്തിന്റെ പ്രാരംഭ ലക്ഷണമാകാം. ചൂട്, തണുപ്പ്, വേദന ഇവ അറിയാനുളള ശേഷിയും പലപ്പോഴും നഷ്ടപ്പെട്ടിരിക്കും. ചര്‍മ്മത്തിന്റെ കട്ടി കൂടുക, തിളക്കം കൂടുക, പുറത്തും ചെവിയിലും തിണര്‍പ്പുകള്‍ ഉണ്ടാകുക, കൈകാലുകളില്‍ പെരുപ്പ്, മരവിപ്പ് എന്നിവയും കുഷ്ഠരോഗത്തിന്റെ ലക്ഷണമാകാം. ഇങ്ങനെയുളള ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുളള ആരോഗ്യ കേന്ദ്രത്തിലെത്തി സ്വയം പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. കുഷ്ഠരോഗത്തിന്റെ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമാണ്.