കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ജീവനക്കാര്‍ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം. ശമ്പള സ്‌കെയില്‍ 42500-87000 രൂപ. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. അപേക്ഷകര്‍ക്ക് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസിലോ, പ്രമുഖ എന്‍.ജി.ഒകളിലോ ദാരിദ്ര്യലഘൂകരണം, സ്ത്രീശാക്തീകരണം മേഖലകളില്‍ ചുരുങ്ങിയത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ സേവനമനുഷ്ഠിക്കുന്നവരായിരിക്കണം. കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷില്‍ അവതരണം നടത്താനും, മികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള സ്‌കില്‍ വേണം.

അപേക്ഷകര്‍ രണ്ടു ദിവസം തങ്ങള്‍ ജോലിചെയ്യുന്നതോ, തങ്ങളുടെ സ്വന്തം തദ്ദേശഭരണ സ്ഥാപനങ്ങളിലുള്ളതോ അല്ലാത്ത ഒരു സി.ഡി.എസ് തിരഞ്ഞെടുത്ത്, അയല്‍ക്കൂട്ട-എ.ഡി.എസ്-സി.ഡി.എസ്തല പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയും, ഇതോടൊപ്പം, പഠനം നടത്തിയ സി.ഡി.എസ് സ്ഥിതിചെയ്യുന്ന ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ സന്ദര്‍ശിച്ച് അവിടത്തെ പ്രവര്‍ത്തനങ്ങളും പഠിക്കേണ്ടതാണ്. തുടര്‍ന്ന്, ഇതു സംബന്ധിച്ച് 10 പേജില്‍ കവിയാത്ത ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി എഴുത്തുപരീക്ഷയ്ക്ക് എത്തുമ്പോള്‍ കൈയ്യില്‍ കരുതണം.
എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖത്തിന് കുടുംബശ്രീയിലൂടെ നടപ്പിലാക്കാന്‍ കഴിയുന്ന നൂതനമായ ഒരാശയം/പദ്ധതി സംബന്ധിച്ച ബഡ്ജറ്റ് സഹിതമുള്ള അഞ്ച് മിനിട്ടില്‍ അധികം സമയമെടുക്കാത്ത ഇംഗ്ലീഷിലുള്ള അവതരണം നടത്തണം. അവതരണം മുന്‍കൂട്ടി തയ്യാറാക്കി പെന്‍ഡ്രൈവില്‍ കൊണ്ടുവരണം.

ബയോഡാറ്റയില്‍ വിലാസം ഇ-മെയില്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ എന്നിവയുണ്ടാകണം. അപേക്ഷകള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം-695011 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫെബ്രുവരി 10ന് വൈകിട്ട് അഞ്ചിന് മുന്‍പ് അപേക്ഷ ലഭിക്കണം. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ഫെബ്രുവരി 15ന് രാവിലെ 10 മുതല്‍ സംസ്ഥാന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മിഷന്‍ ഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂവിന് പ്രത്യേകം കത്ത് നല്‍കില്ല. തിയതികളില്‍ മാറ്റമുണ്ടെങ്കില്‍ ഇ-മെയിലിലൂടെ അറിയിക്കും.