മലപ്പുറം:  മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഇന്ന് (ഫെബ്രുവരി രണ്ട്) വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിക്കും. സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ റിപ്പോര്‍ട്ട് അവതരിപ്പിക്കും. മഞ്ഞളാംകുഴി അലി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനാവും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാകും.

93 ലക്ഷം രൂപ ചെലവില്‍ രണ്ടു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്സിനുമായി പ്രത്യേകം തയ്യാറാക്കിയ മൂന്ന് ബാത്ത് റൂം അറ്റാച്ച്ഡ് ലോക്ക്അപ്പ് റൂമുകളാണ് പൊലീസ് സ്റ്റേഷന്റെ പ്രത്യേകത. എസ്.എച്ച്.ഒ, ക്രൈം എസ്.ഐ, ലോ ആന്‍ഡ് ഓര്‍ഡര്‍ എസ്.ഐ എന്നിവര്‍ക്ക് പ്രത്യേക മുറികള്‍, ഓഫീസ് മുറി, വനിത- പുരുഷ പൊലീസുക്കാര്‍ക്കുള്ള ബാത്ത്റൂം അറ്റാച്ഡ് വിശ്രമമുറികള്‍, സി.സി.ടി.എന്‍.എസ് റൂം, ഇന്‍വെസ്റ്റിഗേഷന്‍ മുറികള്‍, സാധനങ്ങളും ആയുധങ്ങളും സൂക്ഷിക്കുന്നതിനായി പ്രത്യേകം മുറികള്‍, ഒരു കോണ്‍ഫറന്‍സ് ഹാള്‍, പരാതി നല്‍കാനും മറ്റു ആവശ്യങ്ങള്‍ക്കുമായി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിശ്രമിക്കുന്നതിനായുള്ള മുറി എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് പുതിയ സ്റ്റേഷന്‍ കെട്ടിടത്തിലുള്ളത്.

ഭിന്നശേഷി സൗഹൃദരീതിയിലാണ് കെട്ടിടം പണിതിരിക്കുന്നത്.
നിലവിലെ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുന്‍വശത്താണ് പുതിയ കെട്ടിടം. 2019 ലാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. മേലാറ്റൂര്‍, ഏടപ്പറ്റ, വെട്ടത്തൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകളിലായി ആറ് വില്ലേജ് പരിധികളാണ് സ്റ്റേഷനിലുള്ളത്.