ഇടുക്കി:  കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികള്‍ക്ക് ഇടുക്കി ജില്ലയില്‍ തുടക്കം കുറിച്ചു. ബി.ആര്‍.സി തലത്തിലും സി.ആര്‍.സി തലത്തിലും, സ്‌കൂള്‍ തലത്തിലും അധ്യാപകര്‍ക്ക് പരിശീലനം നല്‍കി പി.ടി.എ, എസ്.എം.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടുകൂടി നടപ്പാക്കുന്ന ലാബ് അറ്റ് ഹോം പദ്ധതിയുടെ ജില്ലാതല ശില്‍പ്പശാലകളാണ് പൂര്‍ത്തിയായത്. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ഗണിത ലാബും, അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ശാസ്ത്രലാബും സാമൂഹ്യശാസ്ത്ര ലാബുമാണ് തയാറാക്കി നല്‍കുന്നത്.

നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളില്‍ നിന്നും പരീക്ഷണങ്ങള്‍ക്കാവശ്യമായ നിരവധി വസ്തുക്കള്‍ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങള്‍ക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാര്‍ത്ഥിയുടെയും വീട്ടില്‍ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വീട്ടിലൊരു ശാസ്ത്രലാബ് പദ്ധതിയുടെ ജില്ലാതല ശില്‍പ്പശാല തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂളില്‍ വച്ച് നടന്നു.

വിവിധ ബി.ആര്‍.സികളെ പ്രതിനിധികരിച്ചുകൊണ്ടുള്ള അധ്യാപകരും ഡയറ്റ് ലാബ് സ്‌കൂളിലെ രക്ഷിതാക്കളും പങ്കെടുത്ത ശില്‍പ്പശാല തൊടുപുഴ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുദീപ് ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി, പ്രോഗ്രാം ഓഫീസര്‍ മൈക്കിള്‍ സെബാസ്റ്റ്യന്‍, ഡയറ്റ് ലാബ് സ്‌കൂള്‍ പ്രഥമാധ്യാപിക സ്വപ്ന, സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പംഗം ഷമീര്‍ സി.എ എന്നിവര്‍ സംസാരിച്ചു

ചിത്രം
തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂളില്‍ നടന്ന വീട്ടിലൊരു ശാസ്ത്ര ലാബ് പദ്ധതിയുടെ ജില്ലാതല ശില്‍പ്പശാല

#thodupuzha
#lab@home