മലപ്പുറം: അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വെള്ളേരിയിലെ ചാലിപ്പാടത്തെ വയലില്‍ വിദ്യാര്‍ഥികള്‍ കൊയ്തെടുത്തത് നൂറുമേനി വിളവ്. വിശിഷ്ടാതിഥിയായെത്തിയ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണനും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പാടത്തേക്കിറങ്ങി കൊയ്ത്തുത്സവത്തില്‍ പങ്കാളിയായി. കൊയ്ത്തുപാട്ടിന്റെ ഈരടികള്‍ ഉയര്‍ന്നതോടെ പാട്ടിന്റെ താളത്തിനൊത്ത് അവര്‍ നെല്ല് കൊയ്തു. രാവിലെ ഏഴോടെ തന്നെ കലക്ടര്‍ സ്ഥലത്തെത്തിയിരുന്നു. യുവതലമുറയ്ക്ക് കൃഷിയോടുള്ള സമീപനം മാറ്റാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവകര്‍ഷകനും വാര്‍ഡ് മെമ്പറുമായ നൗഷര്‍ കല്ലടയുടെ ഉടമസ്ഥതയിലുള്ള വയലില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കുട്ടികള്‍ കൃഷിയിറക്കുന്നുണ്ട്. വിളവെടുത്ത നെല്ല് അരിയാക്കി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്‍കുകയാണ് പതിവ്. സ്‌കൂളിന്റെ ‘സുഭിക്ഷം’ പദ്ധതി പ്രകാരം വെള്ളേരിയെ മാതൃകാ ഹരിത ഗ്രാമം ആയി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ 2,500 കുടുംബങ്ങള്‍ക്ക് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടി വിദ്യാര്‍ഥികള്‍ കടുങ്ങല്ലൂര്‍ തോടിനു കുറുകെ ‘തടയണ’ നിര്‍മിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. മുതിര്‍ന്ന കര്‍ഷകനായ മുഹമദ് കൊമ്പന്‍, നൗഷര്‍ കല്ലട, പഴയകാല കൊയ്ത്തുകാര്‍ എന്നിവരെ ചടങ്ങില്‍ കലക്ടര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗവും പൂര്‍വ വിദ്യാര്‍ഥിയുമായ അഡ്വ.പി.വി മനാഫ് സ്‌കൂളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവും സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായ പ്രൊ. എന്‍.വി അബ്ദുറഹ്‌മാന്‍ കലക്ടര്‍ക്ക് ഉപഹാരം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി മുനീബുറഹ്‌മാന്‍ അധ്യക്ഷനായി. യോഗത്തില്‍ അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദു ഹാജി, സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികളും ജില്ലാ പഞ്ചായത്ത് അംഗങ്ങളുമായ ശരീഫ ടീച്ചര്‍, കെ.ടി അഷ്‌റഫ്, റൈഹാന കുറുമാടന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിബിന്‍ ലാല്‍, ഉമ്മു സല്‍മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി. സുഹൂദ് മാസ്റ്റര്‍, സാദില്‍ ഷിംജിത മുസ്തഫ, ഹെഡ് മാസ്റ്റര്‍ സി പി.അബ്ദുല്‍ കരീം, പി.ടി.എ പ്രസിഡന്റ് അന്‍വര്‍ കാരാട്ടില്‍, സ്‌കൂള്‍ അലുംനി കൂട്ടായ്മ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.